കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ചയാള്‍ താമസിച്ചിരുന്നത് കോഴിക്കോട്ടെ അഴിയൂരില്‍; കടുത്ത നിയന്ത്രണം

കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ചയാള്‍ താമസിച്ചിരുന്നത് കോഴിക്കോട്ടെ അഴിയൂരില്‍; കടുത്ത നിയന്ത്രണം

കോഴിക്കോട് : കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ കോഴിക്കോട് അഴിയൂരില്‍ സ്ഥിരതാമസമാക്കിയ ആളും. ഇതിനെ തുടര്‍ന്ന് അഴിയൂരിലെ 4,5 വാര്‍ഡുകളില്‍ വാഹന ഗതാഗതം നിരോധിച്ചു. രോഗലക്ഷങ്ങളൊന്നും പ്രകടിപ്പിക്കാതിരുന്ന ഇയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

ന്യൂമാഹിയിലെ അലിഫ് ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റിനോട് അനുബന്ധിച്ചുള്ള പച്ചക്കറി കട നടത്തുകയായിരുന്നു രോഗം സ്ഥിരീകരിച്ച വ്യക്തി. ഇയാള്‍ ഒരു വര്‍ഷമായി പച്ചക്കറി കടയിലേക്ക് പോയിരുന്നത് അഴിയൂരിലെ ഭാര്യ വീട്ടില്‍ നിന്നായിരുന്നു. മാഹിയില്‍ കോവിഡ് ബാധിച്ച മരിച്ച വ്യക്തിയുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയെന്നായിരുന്നു നിഗമനം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. യാതൊരു രോഗ ലക്ഷണങ്ങളും അതുവരെ പ്രകടിപ്പിച്ചിരുന്നില്ല. രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് നേരത്തെയും ഇത്തരത്തില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അഴിയൂരിലെ വീട്ടില്‍ നിന്നും ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായി ഡിഎംഒ പറഞ്ഞു. രോഗം സ്ഥിരീകരിച്ചതായുള്ള റിപോര്‍ട്ട് ലഭിച്ചതിന് പിന്നാലെ അഴിയൂര്‍ പഞ്ചായത്തിലെ 4,5 വാര്‍ഡുകളില്‍ കടുത്ത നിയന്ത്രണം പ്രഖ്യാപിച്ച് കോഴിക്കോട് ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു ഉത്തരവിറക്കി. പൊതു പ്രവേശന റോഡിലൂടെയുള്ള ഗതാഗതം വിലക്കി. അടിയന്തര വൈദ്യ സഹായം ആവശ്യമില്ലാത്തവര്‍ വാര്‍ഡിന് പുറത്തേക്ക് സഞ്ചരിക്കുന്നതും പുറത്ത് നിന്നുള്ളവര്‍ ഇങ്ങോട്ട് വരുന്നതും നിരോധിച്ചിട്ടുണ്ട്.

ലോക് ഡൌണിന് മുന്‍പ് ന്യു മാഹി എംഎം സ്കൂളിന് അടുത്തുള്ള പള്ളിയിലും ലോക്ഡൌണ്‍ പ്രഖ്യാപിച്ച ശേഷം കല്ലാപള്ളി മഖാമിലും രോഗം സ്ഥിരീകരിച്ച വ്യക്തി പോയിരുന്നു. ന്യുമാഹിയിലെ നാണുവിന്റെ ഹോട്ടല്‍‌ മാഹി പാലത്തിന് അടുത്തുള്ള പെട്രോള്‍ പമ്പ് എന്നിവിടങ്ങളിലും എത്തി. ഈ വ്യക്തിയുമായി കഴിഞ്ഞ മൂന്നാഴ്ച കാലം നേരിട്ട് ഇടപഴകിയവര്‍ ജില്ലയിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന നിര്‍ദേശം ജില്ലാ ഭരണകൂടം നല്‍കി. ന്യുമാഹിയില്‍ നിന്ന് അഴിയൂരിലെ വീട്ടിലേക്ക് സ്വന്തം വാഹനത്തില്‍ സഞ്ചരിച്ചിരുന്നതിനാല്‍ ഇവിടെ അധികം ആളുകളുമായി വ്യക്തി സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റ വിലയിരുത്തല്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: