കണ്ണൂരിൽ ക്രിമിനലുകള്‍ വിലസുമ്പോള്‍ പോലീസ് നോക്കുകുത്തിയാവുന്നു: എസ്.ഡി.പി.ഐ.

കണ്ണൂര്‍: ജില്ലാ ആസ്ഥാനമായ കണ്ണൂര്‍ നഗരത്തിനു തൊട്ടടുത്തുപോലും ക്രിമിനലുകള്‍ വിലസുമ്പോള്‍ പോലീസ് നോക്കുകുത്തിയായി മാറുകയാണെന്ന് എസ്.ഡി.പി.ഐ. കണ്ണൂര്‍ ജില്ലാ ജനറൽ സെക്രെട്ടറി ബഷീർ കണ്ണാടിപറമ്പ കുറ്റപ്പെടുത്തി. തോട്ടടയില്‍ നിസാരമായ തര്‍ക്കത്തിന്റെ പേരിലാണ് ബോംബ് സ്‌ഫോടനമുണ്ടാവുകയും ഒരു ജീവന്‍ നഷ്ടപ്പെടുകയും ചെയ്തത്. ദിവസങ്ങള്‍ക്കു മുമ്പാണ് നിസ്സാര തര്‍ക്കത്തിന്റെ പേരില്‍ ഹോട്ടലുടമയെ ലഹരി മാഫിയ കുത്തിക്കൊലപ്പെടുത്തിയത്. പോലിസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരുടെ കണ്‍മുന്നിലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ബോംബും ആയുധവുമൊക്കെയായി പട്ടാപ്പകലില്‍ പോലും ക്രിമിനല്‍ സംഘങ്ങള്‍ വിലസുകയാണ്. മനുഷ്യജീവന് യാതൊരു വിലയുമില്ലാത്ത അവസ്ഥയാണ് ആഭ്യന്തരമന്ത്രിയുടെ ജില്ലയില്‍ പോലുമുള്ളത്. സോഷ്യല്‍ മീഡിയാ പോസ്റ്റിന്റെയും മറ്റും പേരില്‍ കടുത്ത വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്ന പോലിസ് നിസ്സാര വകുപ്പുകൾ ചാർത്തി ഗുണ്ടാസംഘങ്ങളെ ജയിലിലടയ്ക്കാതെ പുറത്തുവിടാന്‍ സൗകര്യമൊരുക്കുകയാണ്. പയ്യന്നൂരില്‍ ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം നടന്ന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പോലും ഇടപെടാന്‍ പോലിസ് നിസ്സംഗത കാട്ടുകയായിരുന്നു. തോട്ടടയിലെ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തേണ്ടതുണ്ട്. വിവാഹവീട്ടിലെ തര്‍ക്കത്തിന്റെ പേരില്‍ പോലും ബോംബുമായെത്താന്‍ ക്രിമിനല്‍ സംഘങ്ങള്‍ ധൈര്യപ്പെടുന്ന നാടായി കണ്ണൂര്‍ മാറിയിരിക്കുകയാണ്. ബോംബുകള്‍ സുലഭമാണെന്നും ഏതു പട്ടാപ്പകലിലും ബോംബും ആയുധങ്ങളുമായി യാത്ര ചെയ്യാന്‍ കഴിയുമെന്നും ക്രിമിനല്‍ സംഘങ്ങള്‍ കരുതുന്നത് പോലിസിന്റെ പിടിപ്പുകേടാണ് വ്യക്തമാക്കുന്നത്. കെ-റെയില്‍ പ്രതിഷേധക്കാരെ പോലും ക്രൂരമായി നേരിടുന്ന പോലിസ് സംഘത്തിന് ഗുണ്ടാസംഘങ്ങളെ പിടികൂടുന്നതിനു മുന്നിലുള്ള തടസ്സം എന്താണെന്നു വ്യക്തമാക്കണം. പോലിസും ഗുണ്ടാസംഘങ്ങളും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടോയെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. തോട്ടട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് കുറ്റവാളികളെയും അവര്‍ക്ക് ബോംബും മറ്റും ലഭിച്ച ഉറവിടത്തെയും പുറത്തുകൊണ്ടുവരണമെന്നും ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: