സ്കൂട്ടറിൽ മദ്യവില്പന യുവാവ് പിടിയിൽ
ആലക്കോട്: സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യവില്പന ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതിനിടെ 12 ലിറ്റർ വിദേശമദ്യവുമായി യുവാവ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായി. നടുവിൽ വിളക്കന്നൂർ സ്വദേശി കോറോത്ത് വീട്ടിൽ സന്തോഷ് കുമാറിനെ (47)യാണ്
ആലക്കോട് എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ തോമസ് ടി.കെയും സംഘവും പിടികൂടിയത്. നടുവിൽ, വിളക്കന്നൂർ, ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ വിളക്കന്നൂരിൽ വെച്ചാണ് കെ.എൽ.59 – കെ. 3354 നമ്പർ സ്കൂട്ടറിൽ കടത്തികൊണ്ടുവന്ന 12 ലിറ്റർ വിദേശ മദ്യവുമായി തളിപ്പറമ്പിലെ സ്വകാര്യ ബസ് ജീവനക്കാരനായ ഇയാൾ എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ.കെ സാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി മധു, എം. സുരേന്ദ്രൻ , വി.ധനേഷ്, പി പെൻസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ മുനീറ എന്നിവരും ഉണ്ടായിരുന്നു.