പ്രവാസികളോടുള്ള ക്രൂരത പൊറുക്കാനാവില്ല -പ്രവാസി ലീഗ്

കണ്ണൂർ: മാതമംഗലത്ത് പ്രവാസി വ്യാപാരിയുടെ സ്ഥാപനം അടപ്പിച്ച സംഭവം പ്രവാസികളോട് സി.പി.എം കാട്ടുന്ന അനീതിയുടെ തുടർച്ച മാത്രമാണെന്നും ക്രൂരത പൊറുക്കാനാവില്ലെന്നും പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ആരോപിച്ചു. പ്രവാസിയുടെ ഹാർഡ്​വെയർ കട സി.പി.എം, സി.ഐ.ടി.യു കൈയൂക്കിന്‍റെ പേരിൽ അടക്കാനിടയായതും കടയിൽ സാധനം വാങ്ങാൻ ചെന്ന അഫ്സൽ എന്ന പ്രവാസിയും വിദ്യാർഥിനിയായ സഹോദരിയും ആക്രമിക്കപ്പെട്ടതും പ്രതിഷേധാർഹമാണ്. മാതമംഗലത്ത് നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. തളിപ്പറമ്പിലെ ആന്തൂരിൽ കൺവെൻഷൻ സൻെററിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രവാസി ആത്മഹത്യ ചെയ്തതും പുനലൂരിൽ സ്വന്തം ഭൂമിയിൽ വ്യവസായമാരംഭിക്കാൻ അനുവദിക്കാത്തതിനാൽ പ്രവാസി മരണം വരിച്ചതും മറക്കാനാവില്ല. ദീർഘകാലത്തെ പ്രവാസ ജീവിതത്തിൽ ബാക്കിയാകുന്ന ശേഷിപ്പുകൾ കൊണ്ടാണ് ഇവർ നാട്ടിൽ മുതൽ മുടക്കുന്നത്. അവ അധികാരത്തിന്‍റെയും സമരങ്ങളുടെയും പേരിൽ ഇല്ലാതാക്കുന്നത് ദുഃഖകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ്​ ഹനീഫ മൂന്നിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി, ഭാരവാഹികളായ കാപ്പിൽ മുഹമ്മദ് പാഷ, കെ.സി. അഹമ്മദ്, ജലീൽ വലിയകത്ത്, പി.എം.കെ. കാഞ്ഞിയൂർ, ഉമയനല്ലൂർ ശിഹാബുദ്ദീൻ, കെ.വി. മുസ്തഫ, കെ.കെ. അലി, കലാപ്രേമി ബഷീർ ബാബു, എൻ.പി. ഷംസുദ്ദീൻ, സലാം വളാഞ്ചേരി എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: