കൊവിഡ് വാക്സിന്‍ കണ്ണൂർ ജില്ലയില്‍; വാക്‌സിനേഷന്‍ 16ന്

കണ്ണൂർ :ആദ്യഘട്ട കുത്തിവെപ്പിനുള്ള കൊവിഡ് വാക്സിന്‍ ജില്ലയിലെത്തി. 32150 ഡോസ് കൊവി ഷീല്‍ഡ് വാക്സിനാണ് ആരോഗ്യ വകുപ്പിന്റെ വാഹനത്തില്‍ പ്രത്യേക അകമ്പടിയോടെ കേരള മെഡിക്കല്‍ സര്‍വീസസ്  കോര്‍പറേഷന്‍ ലിമിറ്റഡിന്റെ കീഴിലുള്ള ജില്ലാ മരുന്ന് സംഭരണ വിതരണ കേന്ദ്രത്തില്‍ എത്തിച്ചത്. ജനുവരി 16ന് ആദ്യഘട്ട വാക്‌സിനേഷന്‍ ആരംഭിക്കും. 14000 പേര്‍ക്ക് വാക്സിന്‍ നല്‍കുകയാണ് ലക്ഷ്യം. രണ്ട് ഡോസുകള്‍ വീതം നല്‍കാനുള്ള വാക്സിനാണ് എത്തിയത്. കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുക. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 10563 ഉം സ്വകാര്യ മേഖലയിലെ 10670 ഉം ആരോഗ്യ പ്രവര്‍ത്തകരടക്കം ആകെ 27233 പേര്‍ ഇതിനകം വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉദ്ഘാടന ദിവസം ഒന്‍പത് കേന്ദ്രങ്ങളിലായി  900 പേര്‍ക്ക് വാക്സിന്‍ നല്‍കും. കൊവിഡ് രോഗലക്ഷണങ്ങളുള്ളവരും കൊവിഡ് പോസ്റ്റീവായി ചികിത്സയില്‍ കഴിയുന്നവരും വാക്സിനേഷന് ഹാജരാകേണ്ടതില്ല. കൊവിഡ് നെഗറ്റീവായി 28 ദിവസത്തിനു ശേഷം മാത്രമേ അവര്‍ക്ക് കുത്തിവെപ്പ് നല്‍കൂ. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 18 വയസ്സില്‍ താഴെയുള്ളവര്‍, മുമ്പ് ഏതെങ്കിലും കുത്തിവെപ്പ് എടുത്തതിനാല്‍ അലര്‍ജി ഉണ്ടായിട്ടുള്ളവര്‍ എന്നിവര്‍ക്ക് കുത്തിവെപ്പ് നല്‍കില്ല. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാലും  കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ആദ്യ കുത്തിവെപ്പ് കഴിഞ്ഞ് 28 ദിവസത്തിന് ശേഷമാണ് അടുത്ത ഡോസ് നല്‍കുക.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എം പ്രീത, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍  ഡോ. ബി സന്തോഷ്, എന്‍ എച്ച് എം ഡിപിഎം പി കെ അനില്‍കുമാര്‍, എംസിഎച്ച് ഓഫീസര്‍ കെ തങ്കമണി, മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, കെ എം സി എല്‍ മാനേജര്‍ സജീവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: