ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്രമാറ്റം കൊണ്ടുവരും: മുഖ്യമന്ത്രി


തളിപ്പറമ്പ: ഉന്നത വിദ്യാഭ്യാസ രംഗത്തെ കാർഷിക, വ്യാവസായിക മേഖലകളുമായി ബന്ധിപ്പിച്ച് സമഗ്ര മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരിമ്പത്തെ കില തളിപ്പറമ്പ് ക്യാമ്പസിൽ അന്താരാഷ്ട്ര നേതൃപഠന കേന്ദ്രം-കേരളയുടെ ഉദ്ഘാടനവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ് കോളേജ്, ഹോസ്റ്റൽ എന്നിവയുടെ ശിലാസ്ഥാപനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിൽ വലിയ ശ്രദ്ധയാണ് സർക്കാർ നൽകിയിട്ടുള്ളത്. ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുമ്പോൾ പുതിയ കോഴ്‌സുകൾ, സിലബസ് പരിഷ്‌കരണം, ബോധന സമ്പ്രദായത്തിലെ മാറ്റം ഇതെല്ലാം സംയോജിപ്പിച്ചുള്ള മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഘടന, ഉള്ളടക്കം, സർവകലാശാല നിയമങ്ങൾ, പരീക്ഷാ സംവിധാനം ഇവയെല്ലാം പരിഷ്‌ക്കരിക്കേണ്ടതുണ്ട്. ഇതിന് രൂപീകരിച്ച കമ്മീഷനുകളിൽ ചിലത് ഇടക്കാല റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിലെ നിർദേശങ്ങൾ നടപ്പിലാക്കാൻ വേണ്ട നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.നാടിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉതകുന്ന ഗവേഷണ രീതികളാണ് ആവശ്യം. ഇതിന് വ്യവസായങ്ങളും ഗവേഷണ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിൽ ജൈവപരമായ ബന്ധം ആവശ്യമാണ്. സ്‌കോളർഷിപ്പുകൾ, അവാർഡുകൾ, ഫെലോഷിപ്പുകൾ എന്നിവ നൽകി പ്രതിഭകളെ കേരളത്തിലേക്ക് ആകർഷിക്കും. നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ 500 എണ്ണം നൽകാനാണ് ഉദ്ദേശിക്കുന്നത്. ഈ വർഷം 150 എണ്ണമെങ്കിലും കൊടുക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും നിശ്ചയിച്ചുവന്നപ്പോൾ 77 ആണ് കണ്ടെത്തിയത്. അത് കൂടുതൽ വർധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നോഡൽ പരിശീലന കേന്ദ്രമായ കിലയ്ക്കുള്ള പ്രാഗല്ഭ്യവും വൈദഗ്ധ്യവും കൂടുതൽ പ്രയോജനപ്പെടുത്താനാണ് തളിപ്പറമ്പ് ക്യാമ്പസിനെ മികവിന്റെ കേന്ദ്രമാക്കി ഉയർത്താൻ തീരുമാനിച്ചത്. ഇവിടെ തുടങ്ങുന്ന പിജി കോളജ് ഈ അധ്യയന വർഷം തന്നെ മൂന്ന് പി ജി കോഴ്‌സുകൾ ആരംഭിക്കും. എംഎ സോഷ്യൽ എൻറർപ്രണർഷിപ്പ് ആൻഡ് ഡവലപ്‌മെൻറ്, എംഎ പബ്ലിക് പോളിസി ആൻഡ് ഡവലപ്‌മെൻറ്, എംഎ ഡീസെൻട്രലൈസേഷൻ ആൻഡ് ഗവേണൻസ് എന്നീ കോഴ്‌സുകളാണ് ആരംഭിക്കുന്നത്. കണ്ണൂർ സർവകലാശാലയിലാണ് ഈ കോഴ്‌സുകളും ഈ സ്ഥാപനവും അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. ഓരോ കോഴ്‌സിനും 15 പേർ വീതം ആകെ 45 പേർക്കാണ് പ്രവേശനം നൽകുക. ഭരണ നിർവഹണത്തിൽ ആഗോള പ്രശസ്തരായ സ്ഥാപനങ്ങളും വിദഗ്ധരും ഈ പഠനപ്രക്രിയയുടെ ഭാഗമാവും. ഭരണ നിർവഹണത്തിൽ കേരളത്തിന് വഴികാട്ടികളാവാൻ കഴിയുന്ന ബിരുദാനന്തര ബിരുദധാരികളെ ഇവിടെ നിന്ന് വാർത്തെടുക്കാൻ കഴിയും.മാനവിക, സാമൂഹിക വിഷയങ്ങൾക്ക് പുറമെ, ശാസ്ത്ര സാങ്കേതിക, വിവര വിനിമയ, ആസൂത്രണ വിഷയങ്ങളിൽ കൂടി അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനവും ഗവേഷണവും ഇവിടെ നടത്താനാണ് ശ്രമിക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൊതുപ്രവർത്തകർക്കും നേതാക്കൾക്കുമായി ആരംഭിക്കുന്ന റെസിഡെൻഷ്യൽ പരിശീലനമാണ് മറ്റൊരു പ്രധാന ആകർഷണം. പൊതുപ്രവർത്തകർക്കൊപ്പം മറ്റ് മേഖലകളിൽ നേതൃശേഷി ആർജിക്കാൻ താൽപര്യമുള്ള മറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും ഇവിടെ താമസിച്ച് ഹ്രസ്വകാല പരിശീലനം നേടാൻ കഴിയും. സാമൂഹിക ഉത്തരവാദിത്തത്തിൽ അധിഷ്ഠിതമായ ഭരണ നിപുണത കൈവരിക്കുന്നതിന് ജനപ്രതിനിധികളെ പ്രാപ്തരാക്കുക എന്നത് ഏറ്റവും പ്രധാനമാണ്. ഇത് കില ഏറ്റെടുത്ത വിദ്യാഭ്യാസ പ്രക്രിയയാണ്. കേരളത്തിൽ നല്ല കാര്യങ്ങളേ നടക്കാൻ പാടുള്ളൂ എന്ന നിർബന്ധം നമുക്ക് എല്ലാവർക്കും ഉണ്ട്. പക്ഷേ നല്ലതല്ലാത്ത ചില കാര്യങ്ങൾ ചിലയിടങ്ങളിൽ  ചിലർ നടത്താൻ വാശിയോടെ ഒരുങ്ങുന്നുണ്ട്. അവരെ തിരുത്തിക്കാൻ നാടിനും നാട്ടുകാർക്കും പരിപൂർണമായി ഉപകരിക്കുന്ന ജനപ്രതിനിധികളായി മാറുക എന്നത് ഏറ്റവും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങിൽ തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷനായി. എം പി മാരായ ഡോ.വി ശിവദാസൻ, പി സന്തോഷ് കുമാർ, എം എൽ എ മാരായ  രാമചന്ദ്രൻ കടന്നപ്പള്ളി, കെ പി മോഹനൻ, കെ വി സുമേഷ്, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ എന്നിവർ വിശിഷ്ടാതിഥികളായി.കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി, ആന്തൂർ നഗരസഭാധ്യക്ഷൻ പി മുകുന്ദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി എം കൃഷ്ണൻ (തളിപ്പറമ്പ്), പി പി ഷാജിർ (കല്യാശ്ശേരി), അഡ്വ.റോബർട്ട് ജോർജ് (ഇരിക്കൂർ),പി കെ പ്രമീള (എടക്കാട്), കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ കെ രാജീവൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി എം സീന (കുറുമാത്തൂർ), കെ പി രമണി (മലപ്പട്ടം), സുനിജ ബാലകൃഷ്ണൻ (ചപ്പാരപ്പടവ്), കെ കെ റിഷ്‌ന (മയ്യിൽ), ടി ഷീബ (പരിയാരം), കെ പി അബ്ദുൾ മജീദ് (കൊളച്ചേരി), പി പി റെജി (കുറ്റിയാട്ടൂർ), തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം പി പി ഷനോജ് മാസ്റ്റർ, കുറുമാത്തൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി ലക്ഷ്മണൻ, മുൻ എംഎൽഎ എം വി ജയരാജൻ, കണ്ണൂർ സർവകലാശാല പ്രൊ-വൈസ് ചാൻസലർ പ്രൊഫ. എ സാബു, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ, കില തളിപ്പറമ്പ് സെന്റർ പ്രിൻസിപ്പൽ പി സുരേന്ദ്രൻ, പി എ യു പ്രൊജക്ട് ഡയറക്ടർ ടൈനി സൂസൻ ജോൺ, എൽ എസ് ജി ഡി എക്‌സി. എഞ്ചിനീയർ സി എം ജാൻസി, അസി.ഡവലപ്‌മെന്റ് കമീഷണർ ജനറൽ ഡി വി അബ്ദുൾ ജലീൽ, കില ജില്ലാ ഫെസിലിറ്റേറ്റർ പി വി രത്‌നാകരൻ, ഡോ. വി പി പി മുസ്തഫ, സംഘാടക സമിതി കൺവീനർ കെ സന്തോഷ്, രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് മുഖ്യമന്ത്രി ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: