റിയാദില്‍നിന്ന് മൂന്ന്‌ വര്‍ഷം മുമ്പ് കാണാതായ കണ്ണൂർ സ്വദേശിയായ യുവാവിനെ കണ്ടെത്തി

മൂന്ന്‌ വര്‍ഷവും നാലു മാസവും നീണ്ട തെരച്ചിലിനൊടുവില്‍ കണ്ണൂർ സ്വദേശിയായ സമീഹ് തിരിച്ചെത്തി. സന്ദര്‍ശന വിസയിലെത്തിയ മാതാപിതാക്കള്‍ക്കും റിയാദില്‍ ജോലി ചെയ്യുന്ന സഹോദരന്‍ സഫീറിനുമൊത്ത് 2016 ഡിസംബര്‍ 13 ന് ഉച്ച ഭക്ഷണവും വിശ്രമവും കഴിഞ്ഞ് വൈകീട്ട് അഞ്ചുമണിക്ക് കമ്പനി ഓഫീസിലേക്ക് പോയതായിരുന്നു. രാത്രിയായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് കുടുംബം അസ്വസ്ഥരായി. അന്വേഷണം തുടങ്ങി. കണ്ടവരാരുമില്ല. ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഉച്ചക്ക് ശേഷം അവിടേക്ക് വന്നിട്ടില്ല. തനിക്ക് വഴി തെറ്റിപ്പോയെന്നും ഗൂഗിള്‍ മാപ് നോക്കി വന്നു കൊണ്ടിരിക്കുകയാണെന്നും ഓഫിസിലുള്ള തന്റെ സഹപ്രവര്‍ത്തകനെ മൊബൈലില്‍ വിളിച്ച് പറഞ്ഞിരുന്നു. പിന്നീട് മൊബൈല്‍ ഫോണ്‍ ഓഫായി. കുടുംബം ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി. റിയാദ് – ദമാം റൂട്ടില്‍ 25 കിലോമീറ്റര്‍ അകലെ വരെ സമീഹ് യാത്ര ചെയ്തതായി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മനസിലായെങ്കിലും കണ്ടെത്താനായില്ല. പലയിടങ്ങളിലും കുടുംബവും സാമൂഹിക പ്രവര്‍ത്തകരും അന്വേഷിച്ചു. പക്ഷേ ഫലമുണ്ടായില്ല. മൂന്നു മാസത്തെ സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞതോടെ മാതാപിതാക്കള്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

ബത്ഹയിലേക്ക് വരികയായിരുന്ന സമീഹ് വഴിതെറ്റി ദമാം റോഡിലെത്തുകയായിരുന്നു. അവിടെ നിന്ന് കവര്‍ച്ചക്കാരുടെ പിടിയിലായി എന്നാണ് വിവരം. അവര്‍ മരുഭൂമിയിലേക്ക് കൊണ്ടുപോയി കയ്യിലുണ്ടായിരുന്ന പണവും കാറും മൊബൈലും മോഷ്ടിച്ചു. അവിടെ ടെന്റിലായിരുന്നു താമസിപ്പിച്ചിരുന്നത്. പിന്നീട് ഒരു മസറയില്‍ എത്തിപ്പെടുകയായിരുന്നു. ആ മസറയിലേക്ക് വെള്ളം കൊണ്ടുവന്ന ട്രക്ക് ഡ്രൈവര്‍ മുഖേനയാണ് സഹോദരനെ ബന്ധപ്പെട്ടത്.

സമീഹിനെ തേടി രഹസ്യാന്വേഷണ വിഭാഗം, ഗവര്‍ണര്‍ ഓഫീസ്, ആശുപത്രികള്‍, ജയിലുകള്‍, പോലീസ് സ്‌റ്റേഷനുകള്‍, ആഭ്യന്തരമന്ത്രാലയം, ഇന്ത്യന്‍ എംബസി, റിയാദ് ഗവര്‍ണറേറ്റ് തുടങ്ങി സഹോദരന്‍ സഫീര്‍ കയറിച്ചെല്ലാന്‍ ബാക്കി സ്ഥലങ്ങളൊന്നുമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ സിസ്റ്റങ്ങളില്‍ കാണ്‍മാനില്ല എന്ന സ്റ്റാറ്റസിലാണ് സമീഹുണ്ടായിരുന്നത്. സമീഹിനെ കണ്ടുമുട്ടിയ സന്തോഷത്തിലാണ് സഫീര്‍ ഇപ്പോള്‍.

സാമൂഹിക പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, മുനീബ് പാഴൂര്‍ എന്നിവര്‍ ഇദ്ദേഹത്തെ തേടി വിവിധ സ്ഥലങ്ങളില്‍ അന്വേഷിച്ചിരുന്നു. റിയാദില്‍ ജോലി ചെയ്യുന്ന സഹോദരന്‍ സഫീറിന്റെ ഫോണില്‍ വിളിച്ചറിയിച്ച് ഇന്ന് കാലത്താണ് സമീഹ് എത്തിയത്. സമീഹ് ഇപ്പോള്‍ സഹോദരന്‍ സഫീറിന്റെ റൂമിലാണ്. കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ പുത്തന്‍പുര വയലില്‍ അബ്ദുല്ലത്തീഫ്- സക്കീന ദമ്പതികളുടെ മകനാണ് സമീഹ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: