പാടിതീര്‍ത്ഥം സംരക്ഷണത്തിനായി ജനസഭ സംഘടിപ്പിച്ചു

കരിങ്കല്‍ക്കുഴി: വില കൊടുത്ത് വാങ്ങിയ ഭൂമിയാണെങ്കിലും അതിൽ എന്തും ചെയ്യാമെന്ന നില ഉണ്ടാവരുത് എന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി ഗംഗാധരൻ പറഞ്ഞു. പാടിതീര്‍ത്ഥം തണ്ണീര്‍ത്തട സംരക്ഷണ കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  പാടിതീര്‍ത്ഥം സംരക്ഷണ ജനസഭയിൽ ഭൂമിയും ഭൂവിഭവങ്ങളും പൊതു സ്വത്ത് എന്ന വിഷയത്തിൽ ഉദ്ഘാടന  ക്ലാസ് നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവലിബറൽ നയങ്ങളുടെ ഫലമായി പരമാവധി ലാഭം ഉണ്ടാക്കുന്നതിനുള്ള പുതിയ വഴികൾ തേടുകയാണ് മൂലധന ശക്തികൾ.   പുഴയോരത്തും പാടത്തും കുന്നുകളിലുമെല്ലാം സ്ഥലം വാങ്ങിക്കൂട്ടുന്നവർ അവർ മുടക്കിയ തുകയിൽ നിന്ന് വലിയ ലാഭം ഉണ്ടാക്കാനുള്ള ശ്രമം നടത്തുമെന്നുറപ്പാണ്. ഭൂമി പൊതു സ്വത്ത് എന്ന നിലപാടിൽ നിന്നു കൊണ്ട് നാട്ടിലെ ഭൂരിപക്ഷം ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്ന തരത്തിൽ ഈ വിഷയത്തിൽ പരിഹാരം കാണേണ്ടതുണ്ട്. പ്രാദേശിക സർക്കാർ എന്ന നിലയിൽ ഗ്രാമപഞ്ചായത്ത് പാടി തീർത്ഥവും അനുബന്ധ തണ്ണീർത്തടങ്ങളും ഉൾപ്പെടുന്ന പ്രദേശം ഏറ്റെടുക്കാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.  പാടീതീര്‍ത്ഥവും തണ്ണീര്‍ത്തടങ്ങളും പൊതു ഉടമസ്ഥതയില്‍

സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കരിങ്കൽക്കുഴിയിൽ നടന്ന പരിപാടിയിൽ വി വി സുമേഷ് അധ്യക്ഷനായി. തുടർന്ന് പാടിക്കുന്നും പാടിതീര്‍ത്ഥവും എന്തുകൊണ്ട് സംരക്ഷിക്കപ്പെടണം? എങ്ങനെ? എന്ന വിഷയത്തില്‍ ലൈബ്രറി കൗൺസിൽ ജില്ല ജോയിന്റ് സെക്രട്ടറി യു ജനാര്‍ദ്ദനന്‍ അവതരണം നടത്തി. തുടർ സമര പരിപാടികളുടെ വിശദീകരണം വി വി ശ്രീനിവാസൻ നടത്തി.  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ പ്രമീള, എം ഗൗരി, രാഷ്ടീയ പാർട്ടി പ്രതിനിധികളായ കെ രാമകൃഷ്ണൻ (സിപിഎം), പി രവീന്ദ്രൻ (സിപിഐ), കെ ബാലസുബ്രഹ്മണ്യൻ (കോൺഗ്രസ്) എന്നിവർ സംസാരിച്ചു. ഉമേഷ് സിവി സ്വാഗതവും ഭാസ്കരൻ പി നണിയൂർ നന്ദിയും പറഞ്ഞു.  തുടര്‍ന്ന് പരിസ്ഥിതി സിനിമകളുടെ പ്രദര്‍ശനവും നടന്നു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: