പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ റോഡിൽ: തലതിരിഞ്ഞ വികസനം

0

പാപ്പിനിശ്ശേരി: കോടികൾ ചെലവഴിച്ച് നടത്തുന്ന റോഡ് വികസനത്തിനിടയിലെ തലതിരിഞ്ഞ പ്രവൃത്തികൾക്കെതിരേ ജനരോഷം. പാപ്പിനിശ്ശേരിമുതൽ പാന്തോട്ടം ചേരവരെ നീണ്ടുനിൽക്കുന്ന റോഡ് വികസനത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നുവർഷമായി പണി നടക്കുകയാണ്.

ഇതിന്റെ ഭാഗമായി പാപ്പിനിശ്ശേരിക്കടവ് റോഡ് മുതൽ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻവരെയുള്ള ഭാഗത്തെ 30-ലേറെ കൂറ്റൻ തണൽമരങ്ങൾ, മാവുകൾ എന്നിവയാണ് കഴിഞ്ഞ വർഷം മുറിച്ചത്. മരങ്ങൾ മുറിച്ചത് റോഡ് വീതി കൂട്ടാനാണെന്നാണ് അധികൃതർ പറയുമ്പോഴും മരക്കുറ്റികൾ നിലനിർത്തിയാണ് ചുങ്കംമുതൽ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗത്തെ വികസനപ്രവൃത്തികൾ പുരോഗമിക്കുന്നത്.

അഞ്ചുമാസം മുൻപ് റോഡ് ടാറിട്ടതിനുശേഷം ഇരു ഭാഗവും വീതികൂട്ടി കോൺക്രീറ്റ് ചെയ്യുന്ന പണി തുടങ്ങിയിരുന്നു. ചുങ്കത്തുണ്ടായിരുന്ന കൂറ്റൻ മരത്തിന്റെ കുറ്റി അതേപടി നിലനിർത്തി ബാക്കി ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്യുന്നതിനെതിരേ മാതൃഭൂമി വാർത്ത നൽകിയിരുന്നു. തുടർന്ന് അധികൃതർ റോഡിന് മുകളിൽ ഉയർന്നുനിൽക്കുന്ന മരക്കുറ്റി അറുത്തുമാറ്റിയിരുന്നു.

മാസങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് കഴിഞ്ഞദിവസം ബാക്കിയുള്ള റോഡ് കോൺക്രീറ്റ് ചെയ്ത് വീതികൂട്ടാൻ വീണ്ടും തുടങ്ങിയത്. എന്നാൽ റോഡരികിൽ ഉണ്ടായിരുന്ന അഞ്ച് കൂറ്റൻ മരങ്ങളുടെ കുറ്റികൾ അതേ സ്ഥിതിയിൽ നിലനിർത്തിയാണ് കോൺക്രീറ്റ് ചെയ്യുന്നത്.

നാട്ടുകാർ ഇത് സംബന്ധിച്ച് പരാതി പറയുമ്പോൾ പൊതുമരാമത്ത് അധികൃതരോ കരാറുകാരോ വ്യക്തമായ മറുപടി നൽകുന്നില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading