സലാഹുദ്ദീൻ വധം: വീടുകളിലെ ക്യാമറകളിൽനിന്ന്‌ നിർണായക ദൃശ്യങ്ങൾ ലഭിച്ചു

കണ്ണവത്ത് എസ്.ഡി.പി.ഐ. പ്രവർത്തകൻ മുഹമ്മദ് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിർണായകമായ സി.സി.ടി.വി. ദൃശ്യങ്ങൾ സമീപത്തെ രണ്ട് വീടുകളിൽനിന്ന്‌ പോലീസിന് ലഭിച്ചു. കണ്ണവത്ത് ജനകീയസമിതി സ്ഥാപിച്ച ക്യാമറകളിൽനിന്ന് ലഭിച്ച ദൃശ്യങ്ങൾക്കുപുറമെയാണ് ഇപ്പോൾ പുതിയ ദൃശ്യങ്ങൾ ലഭിച്ചത്. എല്ലാ ദൃശ്യങ്ങളും ചേർത്തുവെച്ചപ്പോൾ പ്രതികളെക്കുറിച്ചും സംഭവം നടന്ന രീതിയെക്കുറിച്ചും പോലീസിന് കൃത്യമായ വിവരം കിട്ടി. സലാഹുദ്ദീന്റെ കാറിന് ഇടിച്ച ബൈക്കും മറ്റുപ്രതികൾ സഞ്ചരിച്ച കാറും കൂത്തുപറമ്പ് ഭാഗത്തുനിന്ന് തന്നെയാണ് പിന്തുടർന്നിരുന്നതെന്ന് വ്യക്തമായതായി പോലീസ് സൂചിപ്പിച്ചു. ഒഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ബൈക്ക് ഇടിച്ചു. സലാഹുദ്ദീൻ കാർ നിർത്തി പുറത്തിറങ്ങി. ഒഴിഞ്ഞ സ്ഥലമായിട്ടും ഏതാനും പേർ ഓടിക്കൂടുന്നത് കണ്ട് മറ്റു പ്രതികളുടെ കാർ നിർത്താതെ മുന്നോട്ടുപോയി. കൃത്യം നടത്തണോ എന്ന ആശയക്കുഴപ്പം ഇവർക്കുണ്ടായി. നേരത്തെ പുഴക്കരയിൽ കാത്തുനിൽക്കാൻ പറഞ്ഞ പ്രതികളാണ് ഓടിയെത്തിയതെന്ന് മനസ്സിലായതോടെ കാർ തിരികെ സംഭവസ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് പ്രതികൾ കൃത്യം നടത്തിയ ശേഷം മടങ്ങി. കാറിനെ പിന്തുടർന്ന ബൈക്ക് ഒരു വീടിനുമുമ്പിൽ നിർത്തുന്നതും അവിടുന്ന് ഒരാൾകൂടി കയറുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: