ലോക്‌സഭ തിരഞ്ഞെടുപ്പ് :പോളിങിന് ജില്ല സജ്ജം – കണ്ണൂർ ജില്ലാ കലക്ടര്‍

0


കണ്ണൂർ: ഏപ്രില്‍ 26ന് നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സുതാര്യവും സുഗമമവുമായി നടത്തുന്നതിന് കുറ്റമറ്റ ക്രമീകരണങ്ങള്‍ ജില്ലയില്‍ സജ്ജമായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ അരുണ്‍ കെ വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്ത് കുമാര്‍, കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം ഹേമലത,അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ജനറല്‍ ഒബ്‌സര്‍വറായി മാന്‍വേന്ദ്ര പ്രതാപ് സിങ്, ചിലവ് നിരീക്ഷക ആരുഷി ശര്‍മ, പൊലീസ് നിരീക്ഷന്‍ സന്തോഷ് സിങ് ഗൗര്‍ എന്നിവര്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണവും മേല്‍നോട്ടവും നിര്‍വഹിക്കുന്നുണ്ട്. ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലായി ആകെ 2116876 പേരാണ് വോട്ടര്‍മാരായുള്ളത്. ഇതില്‍ 1114246 പേര്‍ സ്ത്രീകളും 1002622 പേര്‍ പുരുഷന്മാരും എട്ട് പേര്‍ ട്രാന്‍സ്‌ജെന്റേഴ്‌സുമാണ്. 18നും 19നും ഇടയില്‍ പ്രായമുള്ള 55166 പേരും 20നും 29നും ഇടയിലുള്ള 348884 പേരും 30നും 39നും ഇടയില്‍ പ്രായമുള്ള 392017 പേരും 40നും 49നും ഇടയിലുള്ള 447721 പേരും 50 വയസ്സിന് മുകളിലുള്ള 873088 വോട്ടര്‍മാരുമാണ് ജില്ലയില്‍ ആകെയുള്ളത്.

ജില്ലയില്‍ 1866 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പയ്യന്നൂര്‍ മണ്ഡലം -181, തളിപ്പറമ്പ് -196, ധര്‍മടം -165, മട്ടന്നൂര്‍ -172, കല്യാശ്ശേരി -170, ഇരിക്കൂര്‍ -184, അഴീക്കോട് -154, കണ്ണൂര്‍ -149, പേരാവൂര്‍ -158, തലശ്ശേരി -165, കൂത്തുപറമ്പ് -172 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം.
പോളിങ്ങ് ഡ്യൂട്ടിക്കായി റിസര്‍വ്വ് ഉള്‍പ്പെടെ 8972 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഒരു പോളിങ്ങ് ബൂത്തില്‍ ഒരുപ്രിസൈഡിങ്ങ് ഓഫീസറും മൂന്ന് പോളിങ്ങ് ഓഫീസര്‍മാരുമാണ് ഉണ്ടാവുക. റിസര്‍വ് ഉള്‍പ്പെടെ ജില്ലയില്‍ 283 മൈക്രോ ഒബ്സര്‍വര്‍മാരാണ് ഉള്ളത്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മാത്രമായി 151 മൈക്രോ ഒബ്സര്‍വര്‍മാരുണ്ട്. ഇവര്‍ക്കെല്ലാം വിവിധ ഘട്ടങ്ങളിലായി പരിശീലനം നല്‍കി കഴിഞ്ഞു. ഈ വര്‍ഷം ആദ്യമായി പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനത്തിന്റെ തുടര്‍ച്ചയായി പരീക്ഷയും നടത്തി.

അവശ്യ സര്‍വീസ് വോട്ടിംഗിനായി റിസര്‍വ് ഉള്‍പ്പെടെ 48 ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്. വോട്ടര്‍ ഫെസിലിറ്റി സെന്ററില്‍ റിസര്‍വ് ഉള്‍പ്പെടെ 55 പേരെയും ആര്‍.ഒ വോട്ടര്‍ ഫെസിലിറ്റി സെന്ററില്‍ 45 പേരെയുമാണ് നിയോഗിച്ചത്. വീട്ടിലെ വോട്ടിംഗിനായി 28 ടീമുകളിലായി 140 ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. കലക്ടറേറ്റിലെ വെബ്കാസ്റ്റിംഗ് നിരീക്ഷണത്തിനായി 120 മോണിറ്ററിംഗ് സ്റ്റാഫിനെയും 15 ടെക്നിക്കല്‍ സ്റ്റാഫിനെയും നിയമിച്ചിരുന്നു.
നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ 22 എം സി സി സ്‌ക്വാഡുകളും രണ്ട് ജില്ലാതല ടീമുമാണ് പ്രവര്‍ത്തിക്കുന്നത്. അവയിലാകെ 162 പേരാണ് ഉള്ളത്.
ചെലവ് നിരീക്ഷണത്തിനായി ജില്ലയില്‍ 13 അസിസ്റ്റന്റ് എക്സ്പെന്റിച്ചര്‍ ഓഫീസര്‍മാരാണ് ഉള്ളത്. അക്കൗണ്ടിംഗ് ടീമില്‍ 24 പേരും ഫ്ളയിങ് സ്‌ക്വാഡില്‍ 165 പേരും സ്റ്റാറ്റിക് സര്‍വ്വലയന്‍സ് ടീമില്‍ 495 പേരും വീഡിയോ സര്‍വ്വലയന്‍സ് ടീമില്‍ 33 പേരും വീഡിയോ വ്യൂയിങ് ടീമില്‍ 22 പേരുമാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലാകെ തിരഞ്ഞെടുപ്പിന്റെ പോളിങ് ഉള്‍പ്പടെയുള്ള വിവിധ ജോലികള്‍ക്കായി 10611 ജീവനക്കാരെയാണ് നിയോഗിച്ചത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍

ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലെ 1866 പോളിംഗ് സ്റ്റേഷനുകളിലേക്കായി 2371 ബാലറ്റ് യൂണിറ്റ്, 2358 കണ്‍ട്രോള്‍ യൂണിറ്റ്, 2544 വി വി പാറ്റ് എന്നിവയാണ് വിതരണം ചെയ്തത്. ബൂത്തുകളിലേക്കാവശ്യമായ ബാലറ്റ് യൂണിറ്റിന്റെ എണ്ണത്തിന്റെ 25 ശതമാനവും കണ്‍ട്രോള്‍ യൂണിറ്റിന്റെ എണ്ണത്തിന്റെ 20 ശതമാനവും വിവി പാറ്റ് യന്ത്രങ്ങളുടെ 30 ശതമാനവും അധികം യന്ത്രങ്ങളാണ് ഓരോ മണ്ഡലങ്ങളിലേക്കും നല്‍കിയത്. ഇ വി എം കമ്മീഷനിംഗ് സമയത്ത് റിസര്‍വില്‍ നിന്നും പകരമായി എടുത്ത യന്ത്രങ്ങള്‍ക്ക് ആനുപാതികമായി 142 ബാലറ്റ് യൂണിറ്റ്, 74 കണ്‍ട്രോള്‍ യൂണിറ്റ്, 73 വി വി പാറ്റ് എന്നിവ സപ്ലിമെന്ററി റാന്‍ഡമൈസേഷന്‍ ചെയ്ത് വിതരണം നടത്തി.
തിരഞ്ഞെടുപ്പിന് ആവശ്യമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും അനുബന്ധ മെറ്റീരിയലുകളും നിയമസഭാ മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂമുകളില്‍ എത്തിച്ചിട്ടുണ്ട്. 25ന് 11 നിയമസഭാ മണ്ഡലങ്ങളിലെയും വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ഇവ പോളിങ്ങ് സംഘങ്ങള്‍ക്ക് കൈമാറും. 25ന് വൈകിട്ടോടെ പോളിങ്ങ് സംഘങ്ങള്‍ അവര്‍ക്ക് നിശ്ചയിക്കപ്പെട്ട ബൂത്തുകളില്‍ എത്തും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading