നവകേരള നിർമ്മിതിയും ഭൂവിനിയോഗാസൂത്രണവും സെമിനാർ ഇന്ന് സ്പീക്കർ  ഉദ്ഘാടനം ചെയ്യും

സംസ്ഥാന ഭൂവിനിയോഗ ബോർഡ് ഈ വർഷത്തെ ഭൂവിഭവ സംരക്ഷണ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ഹരിത കേരളം മിഷനുമായി സഹകരിച്ച് നവകേരള നിർമ്മിതിയും ഭൂവിനിയോഗാസൂത്രണവും എന്ന വിഷയത്തിൽ ഇന്ന് (ജനുവരി 22) തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ആഡിറ്റോറിയം ഒളിമ്പ്യ ചെമ്പറിൽ ഏകദിന സെമിനാർ സംഘടിപ്പിക്കും.  രാവിലെ 10.30 ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ.മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിക്കും.

2012-13 ൽ എറണാകുളം ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഭൂവിഭവ വിവര സംവിധാനം എല്ലാ ജില്ലകളിലും പൂർത്തിയായിട്ടുണ്ട്. സെമിനാറിൽ ഭൂവിഭവ വിവര സംവിധാനത്തിന്റെ പൂർത്തീകരണം സ്പീക്കർ പ്രഖ്യാപിക്കും. വിവിധതലത്തിലുള്ള നീർത്തട ഭൂപടങ്ങൾ വെബ് ജി.ഐ.എസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്റർനെറ്റിൽ ലഭ്യമാകുന്ന നീർത്തട വിവര സംവിധാനത്തിന്റെ പ്രകാശനം നവകേരളം കർമ്മപദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് നിർവ്വഹിക്കും.  പ്രകൃതി വിഭവ സംരക്ഷണ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്ര, ഉപന്യാസ രചന  മത്സര വിജയികൾക്ക് ഐ.ബി. സതീഷ് എം.എൽ.എ സമ്മാനങ്ങൾ നൽകും.  ഹരിത  കേരളം  മിഷൻ  എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി. എൻ. സീമ ഹരിത സന്ദേശം നൽകും.  

ഉദ്ഘാടന ചടങ്ങിന് ശേഷമുള്ള ടെക്‌നിക്കൽ സെഷനിൽ സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ്  (അഗ്രികൾച്ചർ)എസ്.എസ്. നാഗേഷ് മുഖ്യപ്രഭാഷണം നടത്തും. കൊല്ലം റ്റി.കെ.എം കോളേജ് ആർക്കിടെക്ചർ വകുപ്പ് തലവൻ ഡോ.ദിലി.എ.എസ് (പ്രകൃതി സൗഹൃദ അടിസ്ഥാന സൗകര്യ വികസനം), കേരള കാർഷിക സർവകലാശാല ഡയറക്ടർ ഓഫ് റിസർച്ച് ഡോ.പി.ഇന്ദിരാദേവി (കാർഷിക വികസനവും ഭൂവിനിയോഗ ക്രമവും), ജലവിഭവ വകുപ്പ് ജോയിന്റ് ഡയറക്ടർ സുധീർ പടിക്കൽ (നദീതട ആസൂത്രണവും ജലവിഭവ പരിപാലനവും) ഭൂവിനിയോഗ കമ്മീഷണർ എ. നിസാമുദ്ദീൻ (ഭൂവിനിയോഗാസൂത്രണത്തിന് സാങ്കേതികവിദ്യകൾ) എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും.

കേരളത്തിലെ തിരഞ്ഞെടുത്ത കോളേജുകളിൽ നിന്നുള്ള അദ്ധ്യാപകരും വിദ്യാർത്ഥികളും സെമിനാറിൽ പങ്കെടുക്കും. 

തദ്ദേശഭരണ സ്ഥാപന പ്രതിനിധികൾ, ശാസ്ത്രജ്ഞർ, വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ഹരിത കേരളം മിഷൻ കോർഡിനേറ്റർമാർ, ജില്ലാ തല സാങ്കേതിക സമിതി അംഗങ്ങൾ, പരിസ്ഥിതി പ്രവർത്തകർ, ആസൂത്രകർ, സന്നദ്ധസംഘടനാ പ്രതിനിധികൾ, ഗവേഷകർ എന്നിവർ അടങ്ങുന്ന മുന്നൂറോളം പ്രതിനിധികളുണ്ടാവും. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: