കാട്ടാനശല്യത്തിൽ പൊറുതിമുട്ടിയ നാട്ടുകാർ മുടിക്കയത്ത് വനപാലക സംഘത്തെ തടഞ്ഞുവെച്ചു

0

ഇരിട്ടി: കാട്ടാന ശല്യത്തിൽ പൊറുതിമുട്ടിയ നാട്ടുകാർ സ്ഥലത്തെത്തിയ വനപാലക സംഘത്തെ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. കാട്ടാനശല്യം രൂക്ഷമായ അയ്യൻകുന്ന് പഞ്ചായത്തിലെ മുടിക്കയത്ത് എത്തിയ ഇരിട്ടി സെക്ഷൻ ഫോറസ്റ്റർ കെ. ജിജിൽ അടങ്ങിയ വനപാലക സംഘത്തെയാണ് പ്രദേശത്തെ നാട്ടുകാരും കർഷകരും ചേർന്ന് തടഞ്ഞുവെച്ചത്. വനമേഖലയോട് ചേർന്ന കൃഷിഭൂമികൾക്ക് സംരക്ഷണം നല്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. റെയിഞ്ചർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ നേരിൽ കാണണമെന്നും ആവശ്യമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകണമെന്നുമായിരുന്നു കർഷകർ ആവശ്യപ്പെട്ടത്.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, ഐസക്ക് ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വനപാലക സംഘം കൃഷിയിടത്തിൽ നിന്നും അഞ്ച് ആനകളെ വനത്തിലേക്ക് തുരത്തി. സെക്ഷൻ ഫോറസ്റ്റർ കെ. ജിജിലിന്റെ നേതൃത്വത്തിൽ വളരെ സാഹസപ്പെട്ടാണ് നാട്ടുകാരുടെ സഹായത്തോടെ ആനക്കൂട്ടത്തെ തുരത്തിയത്. റെയിഞ്ചുറുമായി ജനപ്രതിനിധികൾ നടത്തിയ ചർച്ചയിൽ ആനക്കൂട്ടം ജനവാസ മേഖലയിൽ ഇറങ്ങാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാമെന്ന ഉറപ്പിൻമേലാണ് വൈകിട്ടോടെ പ്രതിഷേധം അവസാനിപ്പിച്ചത്.
ഒരാഴ്ച്ചക്കുള്ളിൽ നാലാം തവണയാണ് കാട്ടാനക്കൂട്ടങ്ങൾ എത്തി മേഖലയിൽ വൻ കൃഷിനാശം വരുത്തുന്നത്. ബുധനാഴ്ച രാത്രിയിൽ എത്തിയ ആനക്കൂട്ടം മുടിക്കയം – പുല്ലൻപാറ തട്ട് റോഡിനോട് ചേർന്ന ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കൂറ്റൻ മൺ തിട്ട റോഡിലേക്ക് കുത്തി മറിച്ചിട്ടു. ഇതുമൂലം ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. വനമേഖലയിൽ നിന്നും കിലോമീറ്റർ അകലെ ജനവാസ മേഖലയിൽ എത്തിയ ആനക്കൂട്ടം പ്രദേശത്തെ ജോഷി ഇല്ലിക്കുന്നേൽ, സിനു ഇല്ലിക്കുന്നേൽ, സുധീഷ് ഇല്ലിക്കുന്നേൽ, ബിജോയ് പ്ലാത്തോട്ടം, ബാബു പല്ലാട്ട്കുന്നേൽ, ബിജു പല്ലാട്ട് കുന്നേൽ, ചാക്കോച്ചൻ നെല്ലിക്കുന്നേൽ, ജോസഫ് ഇടശ്ശേരി , എൻ. സുബ്രഹ്മണ്യൻ എന്നിവരുടെ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. റബ്ബർ, കശുമാവ്, വാഴ എന്നിവയാണ് വ്യാപകമായി നശിപ്പിച്ചത്.
ആറളം, കൊട്ടിയൂർ വനമേഖലയിൽ നിന്നും കർണ്ണാടകയുടെ ബ്രഹ്മഗിരി വനമേഖലയിൽ നിന്നുമാണ് ആനക്കൂട്ടങ്ങൾ എത്തുന്നത്. മുടിക്കയം, പാലത്തുംകടവ് ഭാഗങ്ങളിൽ ആണ് ഇവ എത്തി നാശം വിതയ്ക്കുന്നത്. നിരന്തരം ആനകൾ എത്തുന്നതോടെ വനാതിർത്തിയിൽ സംരക്ഷണ വേലി നിർമ്മിക്കണമെന്ന് നേരത്തേയും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. വനാതിർത്തി പങ്കിടുന്ന 26 കിലോമീറ്റർ മേഖലയിൽ 20 കിലോമീറ്ററിൽ മാത്രമാണ് പ്രതിരോധസംവിധാനങ്ങൾ ഉള്ളത്. അവശേഷിക്കുന്ന ഭാഗത്തുകൂടിയാണ് ആനക്കൂട്ടം എത്തുന്നത്.
ഒരു ക്വാറി ഉടമയുടെ അധീനതയിലുള്ള വനാതിർത്തിയോട് ചേർന്ന അൻപത് ഏക്കറുകളോളം പ്രദേശം വനത്തിന് തുല്യമായ കാടായിക്കിടക്കുകയാണ്. പത്ത് വർഷത്തിലധികമായി കാട് വെട്ടിത്തെളിയിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇവ വെട്ടിതെളിയിക്കാൻ നടപടിയുണ്ടാക്കണമെന്ന നാട്ടുകാരുടെ ആവശ്യം നടപ്പിലാകുന്നുമില്ല. ഇവിടെ തമ്പടിക്കുന്ന ആനക്കൂട്ടങ്ങളും കാട്ടുപന്നികളുമാണ് സമീപത്തെ കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലയിലേക്കും ഇറങ്ങുന്നത്. ഇക്കാര്യത്തിൽ നടപടിയുണ്ടാകാത്തതും നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading