സമഗ്ര വികസനത്തിലൂന്നിയ തളിപ്പറമ്പ് മോഡൽ ലക്ഷ്യം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

0

ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സമഗ്ര വികസനത്തിലൂന്നിക്കൊണ്ടുള്ള തളിപ്പറമ്പ് മോഡലാണ് ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനം ലക്ഷ്യമിട്ട് ഏഴാം മൈൽ ഹജ്മൂസ് കൺവെൻഷൻ സെന്ററിൽ
സംഘടിപ്പിച്ച വികസന സെമിനാർ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.തരിശു രഹിത തളിപ്പറമ്പെന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കും. പുതിയ വികസന പദ്ധതികൾ ആവിഷ്‌കരിക്കും. 1100 കോടിയോളം രൂപയുടെ വിവിധ പ്രവൃത്തികളാണ് മണ്ഡലത്തിൽ ഇപ്പോൾ നടപ്പാക്കുന്നത്. മണ്ണ് ജല സംരക്ഷണ പദ്ധതിയുടെ ഭാഗമായി 64 കോടി രൂപയുടേയും ജല ജീവൻ മിഷന്റെ ഭാഗമായി 200 കോടി രൂപയുടെയും പ്രവൃത്തികൾ മണ്ഡലത്തിൽ  നടന്നുവരുന്നുണ്ട്. ചൊറുക്കള-ബാവുപ്പറമ്പ്-മയ്യിൽ-എയർപോർട്ട് ലിങ്ക് റോഡ് ഉൾപ്പെടെ 551.63 കോടി രൂപയുടെ വിവിധ റോഡുകളുടെ പ്രവൃത്തികളും  പുരോഗമിക്കുകയാണ്.മലബാർ റിവർ ക്രൂയിസ് പദ്ധതിയുടെ 40 കോടിയോളം രൂപയുടെ ടൂറിസം പദ്ധതികൾ, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി, ഒടുവള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലായി 80 കോടി രൂപയുടെ പ്രവൃത്തിയും ഉൾപ്പടെ നിരവധി വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു.ടൂറിസം രംഗത്തെ സമഗ്ര വികസനം ലക്ഷ്യമിട്ട് തളിപ്പറമ്പ് കേന്ദ്രമായി ടൂറിസം പദ്ധതി രൂപപ്പെടുത്തും. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, സുക്കോളച്ചൻ പള്ളി, തളിപ്പറമ്പ് മോസ്‌ക് തുടങ്ങിയ ഒമ്പതോളം ആരാധനാലയങ്ങളെ ഉൾപ്പെടുത്തി തീർഥാടന ടൂറിസം സർക്യൂട്ട് രൂപീകരിക്കും. പറശ്ശിനിക്കടവ് ടൂറിസത്തിന് പ്രത്യേക പദ്ധതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സെമിനാറിന്റെ ഭാഗമായി മണ്ഡലത്തിന്റെ സർവതല സ്പർശിയായ വികസനത്തിനും സുസ്ഥിര വളർച്ചയ്ക്കുമായി 13 വിഷയങ്ങൾ ഉൾക്കൊള്ളിച്ച് ഗ്രൂപ്പ് ചർച്ച നടത്തി. തളിപ്പറമ്പ് മണ്ഡലം വികസനസംഘാടക സമിതി ചെയർമാൻ വേലിക്കാത്ത് രാഘവൻ അധ്യക്ഷനായി. അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു. കെ ദാമോദരൻ മാസ്റ്റർ കരട് വികസന രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിഎം കൃഷ്ണൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ്, പി കെ പ്രമീള, ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ, തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്‌സൻ മുർഷിദ കൊങ്ങായി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വികെ സുരേഷ് ബാബു, അംഗങ്ങളായ തോമസ് വക്കത്താനം, എൻ വി ശ്രീജിനി, മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്‌ന, കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി, മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രമണി, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ, തളിപ്പറമ്പ് ആർ ഡി ഒ ഇ പി മേഴ്‌സി, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, തളിപ്പറമ്പ് മണ്ഡലം വികസനസംഘാടക സമിതി കൺവീനർ കെ സന്തോഷ്, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading