50 കഴിഞ്ഞവര്‍ക്ക് കുറഞ്ഞ വിലയില്‍ മരുന്നുകള്‍; കാരുണ്യ@ഹോം പദ്ധതിയിലേക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

0

50 വയസ്സ് കഴിഞ്ഞവര്‍ക്ക് മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വീട്ടുപടിക്കല്‍ എത്തിക്കുന്ന ‘കാരുണ്യ@ഹോം’ പദ്ധതിയിലേക്ക് ജൂലൈ 15 കൂടി രജിസ്റ്റര്‍ ചെയ്യാം. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ‘കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി’യുടെ രണ്ടാം ഘട്ടമാണ് ‘കാരുണ്യ@ഹോം’ പദ്ധതി.
സര്‍ക്കാര്‍ ആശുപത്രികളിലെ കാരുണ്യ ഫാര്‍മസികളിലേതിനേക്കാള്‍ ഒരു ശതമാനം വിലക്കിഴിവിലാണ് മരുന്നുകള്‍, ഗ്ലൂക്കോമീറ്റര്‍, ബിപി അപ്പാരറ്റസ്, എയര്‍ബെഡ് തുടങ്ങിയവ പദ്ധതി വഴി വീടുകളിലെത്തുന്നത്. ശീതീകരിച്ച് സൂക്ഷിക്കേണ്ട ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കൊറിയര്‍ മുഖേന വീട്ടിലെത്തിച്ചു കൊടുക്കും. കൊവിഡ് സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ മരുന്നിനും മറ്റുമായി പുറത്തേക്കിറങ്ങുന്ന സാഹചര്യം ഒഴിവാക്കുകയും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. കിടപ്പ് രോഗികള്‍, കാന്‍സര്‍ ബാധിതര്‍, ജീവിതശൈലി രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഏറെ പ്രയോജനകരമാണ് പദ്ധതി.
ഈ സേവനം ലഭിക്കാന്‍ താല്‍പര്യമുള്ളവര്‍ www.khome.kmscl.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ സര്‍ക്കാര്‍ ആശുപത്രിയിലെ കാരുണ്യ ഫാര്‍മസിയില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫോറം വാങ്ങി അവിടെ തന്നെ പൂരിപ്പിച്ച് നല്‍കുകയോ ചെയ്യണം. ജൂലൈ 15 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവര്‍ നല്‍കിയ കുറിപ്പടി പ്രകാരം ഒരു മാസത്തേക്കാവശ്യമായ മരുന്നുകളുടെ വില വിളിച്ചറിയിക്കും. കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ അക്കൗണ്ടിലേക്ക് തുക കൈമാറിയാല്‍ സെപ്തംബര്‍ 15നകം അവര്‍ക്കുള്ള മരുന്നുകള്‍ വീട്ടിലെത്തിത്തുടങ്ങും. മരുന്നില്‍ മാറ്റമൊന്നും ഇല്ലാത്ത പക്ഷം ഓരോ മാസവും മരുന്നുകള്‍ മുടക്കമില്ലാതെ വീട്ടിലെത്തും. ലഭിക്കുന്ന മരുന്നുകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ന്യൂനതകള്‍ ശ്രദ്ധയില്‍പെട്ടാല്‍ 48 മണിക്കൂറിനകം ബില്ലില്‍ നല്‍കിയിരിക്കുന്ന ഫോണ്‍, ഇമെയില്‍ വഴിയോ കാരുണ്യ ഫാര്‍മസിയിലോ അറിയിച്ചാല്‍ ഉടന്‍ പരിഹാര നടപടി സ്വീകരിക്കും. കുറിപ്പടിയില്‍ മാറ്റം വരുത്തണമെങ്കില്‍ കാരുണ്യ ഫാര്‍മസി വഴിയോ ഓണ്‍ലൈനായോ രജിറ്റര്‍ നമ്പര്‍ സഹിതം അപേക്ഷിക്കണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading