രാജ്യത്ത് നിലനില്‍ക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ സാഹചര്യം:രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ

കണ്ണൂര്‍: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ. അപ്രഖ്യാപിത അടിയന്തരാവസ്ഥ അടിയന്തരാവസ്ഥയെക്കാള്‍ അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യത്തിന്റെ ഏഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ‘സ്വാതന്ത്ര്യം – ജനാധിപത്യം – ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന വിഷയത്തില്‍ കണ്ണൂര്‍ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റില്‍ പാര്‍ലമെന്റംഗങ്ങള്‍ക്ക് ചുമതല നിര്‍വ്വഹിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ തന്നിഷ്ടത്തോടെ പ്രവര്‍ത്തിപ്പിക്കാനാണ് ശ്രമം. ഒരു നോട്ടീസു പോലും സ്വീകരിക്കുന്നില്ല. ഗൗരവമേറിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യില്ലെന്നുവരുമ്പോള്‍ അത് ജനാധിപത്യത്തിന്റെ ധ്വംസനമാണെന്നും രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.
ഇന്ത്യന്‍രാഷ്ട്രീയത്തില്‍ അഹിംസയുടെയും സത്യത്തിന്റെയും മാര്‍ഗം പ്രായോഗികമാണെന്ന് തെളിയിച്ചതാണ് ഗാന്ധിജിയുടെ ഏറ്റവും വലിയരാഷ്ട്രീയ സംഭാവനയെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ കേരള ഗാന്ധി സ്മാരക നിധി മുന്‍ സെക്രട്ടറിയും പത്രപ്രവര്‍ത്തകനും അധ്യാപകനുമായ അജിത് വെണ്ണിയൂര്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് ഐക്യരാഷ്ട്രസഭയില്‍ അംഗമായ എല്ലാ രാജ്യങ്ങളും സഹസ്രാബ്ദ പുരുഷനായി ഗാന്ധിജിയെ തെരഞ്ഞെടുത്തത്. രാജ്യത്തെ ജനാധിപത്യം അപകടകരമായ അവസ്ഥയിലാണ്. പങ്കാളിത്ത ജനാധിപത്യമാണ് ഗാന്ധിജി വിഭാവനം ചെയ്തതെങ്കിലും ഇന്ത്യയില്‍ നടപ്പിലാക്കിയത് ബ്രിട്ടീഷ് അസംബ്ളി മാതൃകയിലുള്ളതാണ്. ജനാധിപത്യത്തിന്റെ നാലുതൂണുകളും ജീര്‍ണിച്ചിരിക്കുകയാണ്. ലെജിസ്‌ട്രേറ്റും എക്‌സിക്യുട്ടീവും ജുഡീഷ്യറിയും ഫോര്‍ത്ത് എസ്റ്റേറ്റുമെല്ലാം ജീര്‍ണാവസ്ഥയിലാണ്. മാധ്യമരംഗം ഉള്‍പ്പെടെ ഇന്ന്ഭയത്തിന്റെ നിഴലിലാണ് കഴിയുന്നതെന്നും അജിത്ത് വെണ്ണിയൂര്‍ ചൂണ്ടിക്കാട്ടി.
അജിത് വെണ്ണിയൂര്‍ രചിച്ച രണ്ടു പുസ്തകങ്ങള്‍ പ്രസ് ക്ലബ്ബ് ലൈബ്രറിയിലേക്ക് രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍എ കൈമാറി. ഗാന്ധിയനും മദ്യനിരോധന സമിതി പ്രവര്‍ത്തകനുമായ മാത്യു എം.കണ്ടത്തില്‍ ജീവചരിത്രം ഉള്‍പ്പെടെ അഞ്ചു പുസ്തകങ്ങള്‍ പ്രസ് ക്ലബിന് കൈമാറി. പരിപാടിയില്‍ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സിജി ഉലഹന്നാന്‍ അധ്യക്ഷനായി. സെക്രട്ടറി കെ..വിജേഷ്, ട്രഷറര്‍ കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ പ്രസ് ക്ലബ് സ്വാതന്ത്ര്യം ജനാധിപത്യം ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ പ്രസംഗിക്കുന്നു.
