കണ്ണൂര്‍ ജില്ലയില്‍ രണ്ടുവര്‍ഷത്തിനിടെ  കണ്ടെത്തിയത് 71 കുഷ്ഠരോഗ കേസുകള്‍

കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 71 കുഷ്ഠരോഗ കേസുകള്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്. 2018-19 വര്‍ഷം ഇതുവരെ 34, 2017-18ല്‍ 37 കുഷ്ഠരോഗ കേസുകളാണ് ജില്ലയില്‍ കണ്ടെത്തിയത്. ഇനിയും തിരിച്ചറിയപ്പെടാത്ത കേസുകള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് പള്‍സ് പോളിയോ മാതൃകയില്‍ സംസ്ഥാനത്ത് കണ്ണൂര്‍ ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ ഡിസംബര്‍ അഞ്ചു മുതല്‍ 18 വരെ കുഷ്ഠരോഗ നിര്‍ണയ കാമ്പയിന്‍ നടത്തുകയാണ് ആരോഗ്യ വകുപ്പ്.

2018-19 വര്‍ഷത്തില്‍ ഇതുവരെ കണ്ടെത്തിയ 34 കേസുകളില്‍ 22 പുരുഷന്‍മാരും, 12 സ്ത്രീകളുമാണ്. 18 കേസുകള്‍ തീവ്രത കുറഞ്ഞതും 16 എണ്ണം തീവ്രത കൂടിയതുമാണ്. രണ്ട് കുട്ടികളും കാഴ്ച വൈകല്യമുള്ള മൂന്ന് പേരും അതിഥി തൊഴിലാളികളായ ഏഴ് പേരും ഇതില്‍ ഉള്‍പ്പെടും. 2017-18 വര്‍ഷത്തിലെ 37 കേസുകളില്‍ ആണ്‍ 22, പെണ്‍ 15 എന്നിങ്ങനെയാണ്. തീവ്രത കുറഞ്ഞത് 15, കൂടിയത് 22. മൂന്ന് കുട്ടികളും കാഴ്ച വൈകല്യമുള്ള ഒരാളും അതിഥി തൊഴിലാളികളില്‍ ആറ് പേരും ഇതില്‍ ഉള്‍പ്പെടുന്നു.   ജില്ലയിലെ മൊത്തം കുഷ്ഠരോഗ കേസുകള്‍ 2016-17 വര്‍ഷം 44, 2015-16 വര്‍ഷം 56, 2014-15 വര്‍ഷം 51, 2013-14 വര്‍ഷം 58 എന്നിങ്ങനെയായിരുന്നു. കേരളത്തില്‍ പുതിയ കുഷ്ഠരോഗ കേസുകള്‍ കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ കുറയുമ്പോഴും കുട്ടികളിലെ കേസുകളും അംഗഭംഗം വരുന്ന കേസുകളും ദേശീയ നിലവാരത്തോടൊപ്പം ഉയര്‍ന്നു നില്‍ക്കുന്നു.

കുഷ്ഠരോഗം കേരളത്തില്‍ ഇല്ലെന്ന തെറ്റിദ്ധാരണ ഡോക്ടര്‍മാര്‍ക്കിടയില്‍ പോലും നിലനില്‍ക്കുമ്പോഴാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചികിത്സിച്ച് പൂര്‍ണമായി ഭേദമാക്കാവുന്ന രോഗമായിട്ടും രോഗത്തെക്കുറിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണയും മാറ്റിനിര്‍ത്തലും തുടരുന്നുണ്ട്. ഇത് ഇല്ലാതാക്കാന്‍ വിപുലമായ ബോധവത്കരണമാണ് ആരോഗ്യ വകുപ്പ് ഉദ്ദേശിക്കുന്നത്. രോഗബാധിതരാണ് പകര്‍ച്ചക്കുള്ള ഉറവിടം എന്നതിനാല്‍ രോഗം എത്രയും പെട്ടന്ന് കണ്ടെത്തി ചികിത്സിക്കുന്നത് രോഗവ്യാപനം തടയും. മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് മാത്രം പകരുന്ന ഈ രോഗത്തിന്റെ കാരണം മൈക്കോ ബാക്ടീരിയം ലെപ്രേ എന്ന ബാക്ടീരിയയാണ്. ഇന്ത്യയില്‍ കുഷ്ഠരോഗം ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ആസാം, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് ധാരാളം അതിഥി തൊഴിലാളികള്‍ കേരളത്തിലെത്തുന്നതിനാല്‍ ഭീഷണിയുടെ നിഴലിലാണ് കേരളവും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: