ബസ് യാത്രാ ഇളവ്: ആർ ടി ഒ ഉത്തരവായി

0



സ്പെഷ്യൽ ക്ലാസുകൾ, ട്യൂഷൻ എന്നിവക്ക് പോകുന്ന വിദ്യാർഥികളുടെ ബസ് യാത്രാ ഇളവ് സംബന്ധിച്ച് വ്യക്തത വരുത്തി ആർ ടി ഒ ഉത്തരവായി. വീട്ടിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള യാത്രക്ക് മാത്രമെ യാത്രാ സൗജന്യം അനുവദിക്കൂ. നിലവിൽ പഠിക്കുന്ന സ്ഥാപനത്തിലെ സ്പെഷ്യൽ ക്ലാസുകൾ ഒഴിച്ച് മറ്റ് സ്ഥാപനങ്ങളിലേക്കുള്ള സ്പെഷ്യൽ ക്ലാസുകൾക്കും ട്യൂഷനും യാത്രാ സൗജന്യം അനുവദിക്കില്ല. പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും വീട്ടിലേക്കുള്ള റൂട്ടിൽ 40 കിലോമീറ്റർ മാത്രമെ യാത്രാ സൗജന്യം അനുവദിക്കൂ. സർക്കാർ സ്‌കൂളുകൾ, കോളേജ്, ഐ ടി ഐ, പോളിടെക്നിക്, സർക്കാർ ഉടമസ്ഥതയിലുള്ള കോ ഓപ്പറേറ്റീവ് കോളേജുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഐഡന്റിറ്റി കാർഡുകളിൽ കൃത്യമായ റൂട്ട് രേഖപ്പെടുത്തണം. സ്വാശ്രയ വിദ്യാഭ്യാസ/പാരലൽ സ്ഥാപനങ്ങൾക്ക് ആർ ടി ഒ/ജോയിന്റ് ആർ ടി ഒ അനുവദിച്ച കാർഡ് നിർബന്ധമാണ്. യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത ഫുൾടൈം കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമെ യാത്രാ സൗജന്യം അനുവദിക്കൂ. സർക്കാർ ഉത്തരവ് പ്രകാരവും ജില്ലാ സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി തീരുമാന പ്രകാരവും ആർ ടി ഒ/ജോയിന്റ് ആർ ടി ഒയുടെ ഒപ്പോടുകൂടിയ നിയമാനുസൃത കൺസെഷൻ കാർഡുകൾ 2022 ആഗസ്റ്റ് 30 മുതൽ നിർബന്ധമാണ്. സിറ്റി/ ടൗൺ, ഓർഡിനറി ബസ് സർവീസ്, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ് എന്നീ ബസുകളിലെല്ലാം എല്ലാ ദിവസങ്ങളിലും, അവധി ദിവസങ്ങൾ ഉൾപ്പെടെ യാത്രാ സൗജന്യം അനുവദിക്കും. യൂണിഫോം ധാരികളായ സ്‌കൗട്ടുകൾക്കും എൻ സി സി കേഡറ്റുകൾക്കും ശനി, ഞായർ, മറ്റുളള അവധി ദിവസങ്ങളിൽ പരേഡുകളിൽ പങ്കെടുക്കാൻ പോകുമ്പോൾ യാത്രാ സൗജന്യം അനുവദിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading