ധർമടം വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ഇന്ന്
ധർമടം: ധർമടം വില്ലേജ് ഓഫീസിന് സ്വന്തം കെട്ടിടം ഒരുങ്ങി. മീത്തലെ പീടികയിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് തിങ്കളാഴ്ച രാവിലെ 10-ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
വൈദ്യുതീകരണം, ഫർണിച്ചർ എന്നിവ ഉൾപ്പെടെ 44 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമാണ ചുമതല. ഒന്നാംനിലയിൽ ഓഫീസ് മുറി, വില്ലേജ് ഓഫീസറുടെ മുറി എന്നിവയും രണ്ടാം നിലയിൽ റെക്കോഡ് മുറി, ഓഫീസ് മുറി എന്നിവയുമാണുള്ളത്. ഇരുനിലകളിലും ശൗചാലയമുണ്ട്.
ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. എം.പി.മാരായ കെ. സുധാകരൻ, ഡോ. വി. ശിവദാസൻ, പി. സന്തോഷ്കുമാർ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, കളക്ടർ എസ്. ചന്ദ്രശേഖർ തുടങ്ങിയവർ സംബന്ധിക്കും.