മിഷ്യന്‍ ഇടക്കിടെ പ്രവര്‍ത്തനരഹിതമാവുന്ന റേഷന്‍ കടക്കാരന് മാവോയിസ്റ്റ് ലേബലില്‍ എഴുത്ത് ഭീഷണി

തലശ്ശേരി: നെറ്റ് കണക്ഷന്‍ പ്രശ്‌നത്തില്‍ ഇ പോസ് മിഷ്യന്‍ ഇടക്കിടെ പ്രവര്‍ത്തനരഹിതമാവുന്ന റേഷന്‍ കടക്കാരന് മാവോയിസ്റ്റ് ലേബലില്‍ എഴുത്ത് ഭീഷണി.തോട്ടുമ്മല്‍ ഉമ്മന്‍ചിറപ്പാലം പഴയ റോഡില്‍ പ്രവര്‍ത്തിക്കുന്ന എ ആര്‍ ഡി 75 നമ്പര്‍ പൊതുവിതരണ കേന്ദ്രത്തിന്റെ നിരപ്പലകയില്‍ ചുവപ്പില്‍ എഴുതിയിട്ട വരികളില്‍ നിറയെ പച്ചത്തെറി വാക്കുകളാണുള്ളത്.മാവോയിസ്റ്റ് എന്ന് ഇംഗ്ലിഷ് വലിയക്ഷരത്തില്‍ മുകളിലും തൊട്ടു താഴെ തന്തയില്ലാത്ത എന്ന് തുടങ്ങി നിനക്കിനി നെറ്റ് കിട്ടിയില്ലെങ്കില്‍ പിന്നെ നീ ഉണ്ടാവില്ലെന്ന് ഒടുവിലുമുണ്ട്. എരഞ്ഞോളി കുറ്റിയന്‍ മുക്ക് സ്വദേശിയാണ് ഇപ്പോള്‍ പൊട്ടന്‍പാറയില്‍ താമസിക്കുന്ന റേഷന്‍ കട ഉടമ എന്‍.പി.ശശീന്ദ്രന്‍. ഇയാള്‍ക്ക് പ്രത്യേകിച്ച് രാഷ്ട്രിയ ആഭിമുഖ്യമൊന്നുമില്ല. തോട്ടുമ്മലില്‍ മാവോയിസ്റ്റ് പ്രചരണം കാണപ്പെട്ടുവെന്ന വിവരം പുറത്ത് വന്നതോടെ നാട്ടുകാര്‍ റേഷന്‍ കട പരിസരത്തേക്ക് പ്രവഹിച്ചു. തൊട്ടുപിന്നാലെ ധര്‍മ്മടം എസ്.ഐ.വി.കെ.പ്രകാശിന്റ നേതൃത്വത്തില്‍ പോലീസുമെത്തി.കടയുടമ ശശീധരനില്‍ നിന്നും പോലീസ് മൊഴിയെടുത്തു. ഭക്ഷ്യധാന്യ വിതരണവുമായി ബന്ധപ്പെട്ടു കാര്‍ഡുടമകളുമായി ചില അസ്വാരസ്യങ്ങള്‍ നിലവിലുള്ളതായി സൂചനയുണ്ട്. ഭീഷണി എഴുത്തുമായി മാവോയിസ്റ്റ് സംഘടനകള്‍ക്ക് ബന്ധമുണ്ടാവില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഭിഷണി സന്ദേശങ്ങളില്‍ മാവോയിസ്റ്റുകള്‍ ഇത്തരം തെറി വാക്കുകള്‍ എഴുതി വയ്കാറില്ലെന്ന് എസ്.ഐ. സൂചിപ്പിച്ചു.എങ്കിലും എല്ലാത്തരത്തിലും അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സമീപത്തെ കടകളിലുള്ള സി.സി.ടി.വി.ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇതേ സ്ഥലത്തിനടുത്ത് നിര്‍ത്തിയിട്ട മൂന്ന് സ്വകാര്യ ബസ്സുകള്‍ക്ക് നേരെ അക്രമം ഉണ്ടായിരുന്നു. ഈ സംഭവത്തിലെ കുറ്റവാളികളെ ഇതേ വരെ പിടികൂടാനായിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: