രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു
കണ്ണൂർ : രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിൽ കാർ ഇടിച്ച് അപകടം. നിയന്ത്രണം വിട്ട ആംബുലൻസ് റോഡരികിലെ മതിലിലിടിച്ച് ഓവുചാലിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല. ബുധനാഴ്ച രാവിലെ താവക്കരയിലാണ് അപകടം. രോഗിയുമായി പ്ലാസ ഭാഗത്തുനിന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പരിയാരത്തേക്ക് പോകുകയായിരുന്നു ആംബുലൻസ്. പുതിയ ബസ്സ്റ്റാൻഡ് ഭാഗത്തുനിന്നെത്തിയ കാറാണ് ആംബുലൻസിന്റെ വശത്തിലിടിച്ചത്. കാർ നിർത്താതെ പോയി. രോഗിയെ മറ്റൊരു ആംബുലൻസിൽ പരിയാരത്തേക്ക് മാറ്റി.