കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും മഴക്കാലപൂർവ ശുചീകരണത്തിനും പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങുക: എം.വി ജയരാജൻ

കോവിഡ് രണ്ടാം തരംഗം തീവ്രമായ സാഹചര്യത്തില്‍ പാര്‍ട്ടിയും വര്‍ഗ്ഗ-ബഹുജന സംഘടനകളും തദ്ദേശസ്ഥാപനങ്ങളും, ഔദ്യോഗിക സംവിധാനങ്ങളുമായി ചേര്‍ന്നുകൊണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തണമെന്ന് സി.പി.ഐ(എം) ജില്ലാസെക്രട്ടറി എം വി ജയരാജന്‍ അഭ്യര്‍ത്ഥിച്ചു. കൂട്ടായ പരിശ്രമത്തിന്‍റെ ഭാഗമായാണ് ഒന്നാംഘട്ട കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നമുക്ക് വിജയിപ്പിക്കാനായത്. കോവിഡിനെതിരായ പോരാട്ടത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇത് തരണം ചെയ്യുന്നതിന് ആരോഗ്യവകുപ്പും മറ്റും നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. കോവിഡ് പ്രതിരോധത്തിനായി നേരത്തെ പിന്തുടര്‍ന്നിരുന്ന ശീലങ്ങള്‍ നമ്മള്‍ പാലിക്കുന്നതോടൊപ്പം രോഗികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സന്നദ്ധപ്രവര്‍ത്തനത്തിലൂടെ എത്തിച്ചുകൊടുക്കുന്നതിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാവണം. കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളിലും മറ്റും ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിനും, പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ആവശ്യമായ വളണ്ടിയറി സേവനം മഹിളാ-യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍ നല്‍കുമെന്ന് ഉറപ്പുവരുത്തണമെന്നും ജയരാജന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്‍റെ ഭാഗമായി ജില്ലാപഞ്ചായത്തും, ഹരിതകേരള മിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഏപ്രില്‍ 25 ന് നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പങ്കെടുക്കണമെന്ന് സി.പി.ഐ(എം) ജില്ലാസെക്രട്ടറി അഭ്യര്‍ത്ഥിച്ചു. പടന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് രോഗത്തിന് പുറമെ കാലവര്‍ഷാരംഭത്തോടെ ഡങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികളും വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇതിന് തടയിടുന്നതിന് പരിസരശുചീകരണം അത്യാവശ്യമാണ്. ‘നാടും വീടും വൃത്തിയാക്കാം സുരക്ഷിതമാവാം’ എന്ന മുദ്രാവാക്യമുയര്‍ത്തി ഏപ്രില്‍ 25 ന് നടക്കുന്ന ശുചീകരണ പ്രവര്‍ത്തനത്തില്‍ മഹിളാ-യുവജന-വിദ്യാര്‍ത്ഥി-സന്നദ്ധപ്രവര്‍ത്തകരും പങ്കാളികളാവണം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൂന്നോ,നാലോ ആളുകളുടെ സ്ക്വാഡുകളായി ശുചീകരണപ്രവര്‍ത്തനത്തില്‍ പങ്കാളികളാവണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: