കാലവർഷം ; കണ്ണൂരിലെ അപകടാവസ്ഥയിലുള്ള മരങ്ങളും പരസ്യബോർഡുകളും നീക്കണം

ശക്തമായ കാറ്റിലും മഴയിലും കടപുഴകാനോ പൊട്ടിവീഴാനോ സാധ്യതയുള്ള പൊതു-സ്വകാര്യ സ്ഥലങ്ങളിലെ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റുകയും ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍ തുടങ്ങിയവ നീക്കുകയും ചെയ്യാന്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ ഭൂമിയിലെ അപകടാവസ്ഥയിലായ മരങ്ങളും മറ്റും കണ്ടെത്തി നീക്കം ചെയ്യേണ്ടത് ബന്ധപ്പെട്ട വകുപ്പുകളുടെ ചുമതലയാണ്. സ്വകാര്യ ഭൂമിയിലുള്ള മരങ്ങളും മറ്റും ഭൂമിയുടെ ഉടമയാണ് മുറിച്ചു മാറ്റേണ്ടത്. അല്ലാത്ത പക്ഷം ഇതുമൂലമുണ്ടാവുന്ന അപകടത്തിന് അവര്‍ ഉത്തരവാദികളാവുമെന്നും നഷ്ടപരിഹാരം നല്‍കാന്‍ ഉള്‍പ്പെടെ അവര്‍ക്ക് ബാധ്യതയുണ്ടായിരിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഇത്തരം മരങ്ങള്‍ മുറിച്ചുമാറ്റുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്.മരങ്ങളും മരച്ചില്ലകളും അപകടകരമാണോ എന്ന് തദ്ദേശ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍, വനം റേഞ്ച് ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന പ്രാദേശിക സമിതികളാണ് തീരുമാനിക്കുക. ഇവരുടെ ശുപാര്‍ശ പ്രകാരം അടിയന്തരമായി നീക്കേണ്ട മരങ്ങളും മറ്റും മുറിച്ചുമാറ്റാന്‍ ജില്ലാ കലക്ടറാണ് അനുമതി നല്‍കുക. അടിയന്തരമല്ലാത്ത സാഹചര്യങ്ങളില്‍ വനംവകുപ്പിന്റെ കീഴിലുള്ള പ്രാദേശിക ട്രീ കമ്മിറ്റിയുടെ അനുമതിയോടെ മാത്രമേ മരം മുറിക്കാന്‍ പാടുള്ളൂ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: