അഴീക്കോട്‌ പഞ്ചായത്തിൽ കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കം


അഴീക്കോട് പഞ്ചായത്തില്‍ ഈ വര്‍ഷത്തെ കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ് ഉദ്ഘാടനം ചെയ്തു. കന്നുകുട്ടികളെ ശാസ്ത്രീയമായി പരിപാലിച്ച് അത്യുല്‍പാദനശേഷിയുള്ള കറവപശുക്കളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. നാലു മുതല്‍ ആറ് മാസം വരെ പ്രായമുള്ള കന്നുകുട്ടികള്‍ക്ക് രണ്ടര വയസ് വരെ ആവശ്യമായ കന്നുകുട്ടി തീറ്റ 50 ശതമാനം സബ്‌സിഡി നിരക്കില്‍ ക്ഷീരസംഘത്തിലൂടെ വിതരണം ചെയ്യും. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ പഞ്ചായത്തിലെ 40 ക്ഷീരകര്‍ഷകര്‍ ഗുണഭോക്താക്കളാകും.
വെറ്ററിനറി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ റീന അധ്യക്ഷയായി. കന്നുകുട്ടി പരിപാലന പരിപാടി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ജി എം സുനില്‍ പദ്ധതി വിശദീകരിച്ചു. ശാസ്ത്രീയ കന്നുകുട്ടി പരിപാലനം എന്ന വിഷയത്തില്‍ ഡോ.പി ഷാനി ക്ലാസെടുത്തു. പഞ്ചായത്ത് അംഗം ജയന്‍ കാണി, ക്ഷീര സംഘം പ്രസിഡണ്ട് ടി സീന, സെക്രട്ടറി സി പ്രേമന്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.വി പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: