രോഗലക്ഷണം പ്രകടമാകാന്‍ ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെ സമയം; പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കണം

പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. സൂക്ഷിച്ചാല്‍ പൂര്‍ണ്ണമായും ഒഴിവാക്കാവുന്ന ഒന്നാണ് പേവിഷബാധ. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായാല്‍ മരണം ഉറപ്പായ രോഗമായതിനാല്‍ തികഞ്ഞ സൂക്ഷ്മത പുലര്‍ത്തുകയും രോഗത്തെ പ്രതിരോധിക്കുകയുമാണ് വേണ്ടത്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതിനാല്‍ വളര്‍ത്തുമൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപഴകുമ്പോള്‍ അവയുടെ കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഏതെങ്കിലും തരത്തില്‍ മൃഗങ്ങളുടെ കടിയേറ്റാല്‍ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് എത്രയും പെട്ടെന്ന് കഴുകി വൃത്തിയുള്ള പഞ്ഞിയോ തുണിയോ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുകയും വിദഗ്ധ ചികിത്സ തേടുകയും വേണം.
പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളില്‍ നിന്നും കടിയേല്‍ക്കുകയോ ഇവയുടെ നഖങ്ങള്‍ കൊണ്ട് പോറലേല്‍ക്കുകയോ സമ്പര്‍ക്കത്തില്‍ വരികയോ ചെയ്താല്‍ നിര്‍ബന്ധമായും പേവിഷബാധയ്‌ക്കെതിരെയുളള കുത്തിവെപ്പ് (ഇന്‍ട്രാ ഡെര്‍മല്‍ റാബീസ് വാക്‌സിന്‍) എടുക്കേണ്ടതാണ്. കുത്തിവെപ്പ് സാമൂഹിക ആരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ സൗജന്യമായി ലഭിക്കും. കടിയേറ്റ മുറിവില്‍ നിന്നും രക്തം പൊടിയുന്നുണ്ടെങ്കില്‍ ആദ്യ ഡോസ് വാക്‌സിനോടൊപ്പം ആന്റി റാബീസ് സിറമായ ഇമ്മ്യൂണോ ഗ്ലോബുലിന്‍ കൂടി നല്‍കും. ഇത് മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ലഭ്യമാണ്. രോഗബാധ പ്രതിരോധിക്കാന്‍ കുട്ടികളെ ബോധവല്‍ക്കരിക്കുകയും മൃഗങ്ങളുമായി ഇടപഴകുന്ന കുട്ടികളെ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിലാണ് റാബിസ് വൈറസുകള്‍ കാണപ്പെടുന്നത്. മൃഗങ്ങളില്‍ നിന്ന് കടിയോ പോറലോ ഏല്‍ക്കുമ്പോള്‍ അവ മനുഷ്യശരീരത്തിലേക്ക് പകരുകയും തലച്ചോറ് സുഷുമ്‌ന നാഡി എന്നിവയെ ബാധിക്കുകയും ചെയ്യും. എന്നാല്‍ ചിലപ്പോള്‍ മാസങ്ങളോളം ഒരു രോഗലക്ഷണവും പ്രകടിപ്പിക്കണമെന്നില്ല. ശരീരത്തില്‍ പ്രവേശിക്കുന്ന റാബിസ് വൈറസ് കേന്ദ്രനാഡീവ്യൂഹത്തിലെത്താനെടുക്കുന്ന സമയദൈര്‍ഘ്യമാണ് രോഗലക്ഷണം പ്രകടിപ്പിക്കാന്‍ വൈകുന്നത്. എന്നാല്‍ ഇത് ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെ എടുക്കുന്ന സന്ദര്‍ഭങ്ങളും ഉണ്ട്. അതുകൊണ്ടുതന്നെ കടിയേറ്റ ഉടനെ കുത്തിവെയ്പ്പ് എടുക്കാന്‍ ശ്രദ്ധിക്കണം. നായ, പൂച്ച എന്നിവയിലാണ് പേവിഷബാധ കൂടുതലായി കണ്ടുവരുന്നതെങ്കിലും പന്നി, കുരങ്ങന്‍, അണ്ണാന്‍, കീരി, കുതിര, കഴുത, കുറുക്കന്‍, ചെന്നായ തുടങ്ങിയ മൃഗങ്ങളിലൂടെയും മറ്റ് വന്യമൃഗങ്ങളിലൂടെയും രോഗബാധയുണ്ടാകാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: