വെടിയുതിർത്ത സംഭവം:ആയുധധാരികളായ അഞ്ച് മാവോയിസ്റ്റുകൾക്കെതിരെ കേസ്

ആറളം: വനത്തിൽ പരിശോധന നടത്തുകയായിരുന്ന ഫോറസ്റ്റ് വാച്ചർമാരെ കണ്ടതിനെ തുടർന്ന് ആയുധധാരികളായ മാവോയിസ്റ്റുകള്‍ ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. വനപാലകരുടെ പരാതിയിൽ സ്ത്രീ ഉൾപ്പെടെ തോക്കുധാരികളായ അഞ്ച് മാവോയിസ്റ്റുകൾക്കെതിരെയാണ് ആറളം പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം
ആറളം വന്യജീവി സങ്കേതത്തിനകത്തെ വനത്തിൽ മൂന്നു വനപാലകർ നടന്നുപോകുന്നതിനിടെയാണ് ആയുധധാരികളായ മാവോയിസ്റ്റുകളുടെ ശ്രദ്ധയിൽപ്പെട്ടത്. വനപാലകരെ കണ്ടതോടെ മാവോയിസ്റ്റുകള്‍ ആകാശത്തേക്ക് നിരവധിതവണ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുണ്ട ഉതിർത്തതോടെമൂന്നു വനപാലകരും ഓടിരക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഡി എഫ് ഒ ഉള്‍പ്പെടെയുള്ള ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും തണ്ടര്‍ബോള്‍ട്ടും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.