ഇരിട്ടി ടൗണിലെ കയ്യേറ്റങ്ങൾ – സബ് കളക്ടർ സ്ഥലം സന്ദർശിച്ചു – വിട്ടുവീഴ്ചവേണ്ടെന്ന് കർശന നിർദ്ദേശം

ഇരിട്ടി : ഇരിട്ടി ടൗണിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പേ കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കുവാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെ തലശ്ശേരി സബ് കളക്ടര്‍ കെ .ചന്ദ്രശേഖര്‍ ഐ എ എസ് സ്ഥലം സന്ദർശിച്ചു. കയ്യേറിയ ഭൂമി തിരിച്ചു പിടിക്കുന്നതിൽ യാതൊരു വിട്ടു വീഴ്ചക്കും തയാറാവേണ്ടന്നും കർശനമായി മുന്നോട്ട് പോകണമെന്നും സബ് കളക്ടർ ഇരിട്ടി തഹസിൽദാർ ദിവാകരന് നിർദ്ദേശം നൽകി. ഇരിട്ടി പാലം മുതൽ പയഞ്ചേരി മുക്കുവരെയുള്ള കച്ചവട സ്ഥാപനങ്ങളിൽ റവന്യൂ വകുപ്പ് അളന്ന് തിട്ടപ്പെടുത്തി മാർക്ക് ചെയ്ത ഭാഗങ്ങളും രേഖകളും മറ്റും പരിശോധിച്ചതിൽ നിന്നും കയ്യേറ്റം വ്യക്തമായതായി സബ് കളക്ടർ പറഞ്ഞു.

കെ എസ് ടി പി റോഡ് വികസനത്തിന്റെ ഭാഗമായി ഇരിട്ടിയിൽ പുതിയ പാലം വരുന്നതോടെ ടൗണിലെ റോഡിന്റെ അലൈന്മെന്റിൽ കാര്യമായ മാറ്റം വരും. ഇതിന്റെ ഭാഗമായാണ് വര്ഷങ്ങള്ക്കു മുൻപേ ടൗണിലെ വിവിധ കെട്ടിട ഉടമകളും സ്ഥാപനങ്ങളും മറ്റും കയ്യേറിയ ഭൂമികൾ തിരിച്ചു പിടിക്കാനും അത് വഴി ടൗൺ വികസിപ്പിക്കാനുമുള്ള നിർദ്ദേശം ഉണ്ടായത്. വ്യാപാരി സംഘടനകളുടെയടക്കം വിവിധ രാഷ്ട്രീയ പാർട്ടികളുടെയും മറ്റും പ്രതിനിധികൾ ചേർന്ന് എടുത്ത തീരുമാനത്തെ ത്തുടർന്ന് കയ്യേറ്റം എത്രമാത്രം ഉണ്ടെന്നു അളന്നു തിട്ടപ്പെടുത്താൻ ഇരിട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പും കെ എസ് ടി പിയും ചേർന്ന് സംയുക്ത സർവേ നടത്താൻ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ സർവേയിൽ ഇരിട്ടി പാലം മുതൽ പയഞ്ചേരി മുക്ക് വരെയുള്ള സ്ഥലങ്ങളിൽ നിരവധി കെട്ടിടങ്ങളും സ്ഥാപനങ്ങളും ഒരു മീറ്റർ മുതൽ രണ്ടര മീറ്റർ വരെ സ്ഥലം കയ്യേറിയതായി കണ്ടെത്തി. ഇവ പൊളിച്ചു നീക്കാൻ വ്യാപാരി സംഘടനകൾ സ്വമേധയാ സമ്മതിക്കുകയും ഇതിനായി സമയ പരിധി വെക്കുകയും ചെയ്തു.

എന്നാൽ ഏതാനും ചില സ്ഥാപങ്ങൾ മാത്രമാണ് സ്വമേധയാ തങ്ങളുടെ നിർമ്മിതികൾ പൊളിച്ചു നീക്കാൻ മുന്നോട്ടു വന്നത്. ഇതിനിടെ ഏതാനും സ്ഥാപങ്ങൾ ഇതിനെതിരെ കോടതിയെ സമീപിക്കുകയും കോടതി ഇവർക്ക് ഏതാനും ദിവസത്തേക്ക് സ്റ്റേ നൽകുകയും ചെയ്തു. തങ്ങളുടെ നിർമ്മിതികൾ പൊളിച്ചു നീക്കുന്നതിന് നിയമപ്രകാരമുള്ള നടപടികൾ വകുപ്പധികൃതർ പൂർത്തിയാക്കിയില്ല എന്നതായിരുന്നു ഇവരുടെ ആക്ഷേപം.

നിയമപ്രകാരമുള്ള എല്ലാ നടപടികളും പൂർത്തിയാക്കി കയ്യേറ്റങ്ങൾ പൊളിച്ചു നീക്കാൻ കോടതി റവന്യൂ അധികൃതർക്ക് നിർദ്ദേശം നൽകിയതിനെത്തുടർന്ന് കർശന നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ടു വന്നു. ടൗണിലെ കെട്ടിടങ്ങൾക്ക് നികുതികളും സ്ഥാപനങ്ങൾക്ക് ലൈസൻസും നൽകുന്നതിൽ നിന്നും വില്ലേജ് അധികാരികളെയും നഗരസഭയെയും തഹസിദാർ വിലക്കി. കയ്യേറ്റം ഇല്ലെന്നു കണ്ടെത്തിയതിന് ശേഷം മാത്രം ഇവ പുതുക്കി നൽകിയാൽ മതിയെന്നായിരുന്നു നിർദ്ദേശം.

തുടർന്ന് ഇത്തരം കയ്യേറ്റങ്ങൾ അളന്നു തിട്ടപ്പെടുത്തി പൊളിച്ചു മാറ്റാനുള്ള ഭാഗത്തിന്റെ സ്കച്ച് അടക്കം രേഖാമൂലം നോട്ടീസ് നൽകുന്ന നടപടികളാണ് ബുധനാഴ്ച മുതൽ ആരംഭിച്ചത്. ഒരു മാസത്തിനുള്ളിൽ നടപടിയെല്ലാം പൂർത്തിയാക്കി റോഡും ടൗൺ വികസനവും സാദ്ധ്യമാക്കാനുള്ള നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. തഹസീല്‍ദാർക്ക് പുറമെ സര്‍വയര്‍ ജില്‍സ്, സുരേഷ്, ശിഹാബുദ്ദീന്‍, വില്ലേജ് അസിസ്റ്റന്റ് മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സര്‍വെ നടപടികൾ തുടങ്ങിയത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: