ഡിജിറ്റൽ ലൈബ്രെറിയുമായി പായം പഞ്ചായത്ത്

പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ലൈബ്രറി ഇനി പായം പഞ്ചായത്തിന് സ്വന്തം. പായത്തെ ഡിജിറ്റല്‍ ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ ഉദ്ഘാടനം സെപ്തംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ലോകബാങ്ക് സഹായമായ 30 ലക്ഷം രൂപ ഉള്‍പ്പെടെ 70 ലക്ഷം രൂപ ചെലവഴിച്ചാണ് ഡിജിറ്റല്‍ ലൈബ്രറിയുടെ നിര്‍മ്മാണം. ഒന്നാം നിലയില്‍ ലൈബ്രറിയും രണ്ടാം നിലയില്‍ ഡിജിറ്റല്‍ ലൈബ്രറിയുമാണ് ഒരുക്കിയിരിക്കുന്നത്.അതിനായി അംഗങ്ങള്‍ക്ക് യൂസര്‍ ഐഡിയും പാസ് വേര്‍ഡും നല്‍കും.സര്‍ക്കാറിന്റെയും ഇതര വകുപ്പുകളുടെയും സേവന കേന്ദ്രമായി പ്രവര്‍ത്തിക്കുക, അവശ്യ സേവനങ്ങള്‍ കാലതാമസം കൂടാതെ ലഭ്യമാക്കുക, സാധാരണക്കാരുടെ ക്രിയാത്മക സൃഷ്ടികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിക്കുണ്ട്. നിലവില്‍ അഞ്ച് കമ്ബ്യൂട്ടറുകളാണ് ഡിജിറ്റല്‍ ലൈബ്രറിയിലുള്ളത്. ഒരേ സമയത്ത് 50 പേര്‍ക്ക് ഇരിക്കാവുന്ന മിനി തീയറ്ററായും ഡിജിറ്റല്‍ ലൈബ്രറി ഉപയോഗിക്കാന്‍ സാധിക്കും. കൂടാതെ ചിത്ര പ്രദര്‍ശനം, സിമ്ബോസിയം തുടങ്ങിയവ നടത്താനും ലൈബ്രറി പ്രയോജനപ്പെടുത്താം. പായം പഞ്ചായത്ത് ഓഫീസിന് സമീപത്തായാണ് ലൈബ്രറി കെട്ടിടം.100 രൂപയുടെ സാധാരണ അംഗത്വം മുതല്‍ 25,000 രൂപയുടെ വിശിഷ്ട അംഗത്വം വരെ ലൈബ്രറിയിലുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള അംഗത്വത്തിന് 200 രൂപയാണ് ഈടാക്കുന്നത്.സാങ്കേതിക വിദ്യയുടെ ഗുണഫലം സാധാരണക്കാരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച ലൈബ്രറി അത്യാധുനിക സംവിധാനങ്ങളോടെയുള്ളതാണ്. കുട്ടികളില്‍ കുറഞ്ഞു വരുന്ന വായനാശീലം അവര്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ലൈബ്രറിയുടെ ഡിജിറ്റല്‍ വല്‍ക്കരണം. പൊതുജനങ്ങള്‍, സ്‌കൂള്‍ കുട്ടികള്‍, ഗവേഷണ വിദ്യാര്‍ഥികള്‍ തുടങ്ങി എല്ലാ വിഭാഗക്കാര്‍ക്കും ഉപയോഗപ്രദമാകുന്ന രീതിയിലാവും ലൈബ്രറിയുടെ പ്രവര്‍ത്തനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: