എസ്എഫ്ഐ–കെഎസ്‌യു സംഘട്ടനം: പയ്യന്നൂര്‍ കോളജില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കി

0

പയ്യന്നൂർ‌ ∙ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ കേന്ദ്രത്തിൽ വിദ്യാർഥികൾ ഏറ്റുമുട്ടി. ബാലറ്റ് പേപ്പറുകൾ നശിപ്പിച്ചു. പ്രിൻസിപ്പൽ തിരഞ്ഞെടുപ്പ് റദ്ദാക്കി. ആറു വിദ്യാർഥികൾക്കു പരുക്കേറ്റു. തിരഞ്ഞെടുപ്പിൽ ചെയർമാൻ ഉൾപ്പെടെയുള്ള പ്രധാനസീറ്റുകളിൽ വൻ ഭൂരിപക്ഷത്തിൽ വിജയം നേടിയതായി കെഎസ്‌യു അവകാശപ്പെട്ടു. ഇന്നലെ വോട്ടെടുപ്പിനു ശേഷം കോളജിൽ നടന്ന വോട്ടെണ്ണൽ കേന്ദ്രത്തിലാണ‌ു കുഴപ്പങ്ങൾ ഉണ്ടായത്. വോട്ടെണ്ണൽ അവസാന ഘട്ടത്തിലെത്തിയപ്പോൾ വിദ്യാർഥികൾ ബാലറ്റ് പേപ്പറുകൾ വലിച്ചു പുറത്തേക്ക് എറിഞ്ഞുവെന്നും തുടർന്ന് അകത്തുവച്ചു വിദ്യാർഥികൾ തമ്മിൽ സംഘട്ടനം നടന്നുവെന്നുമാണ് പ്രിൻസിപ്പൽ കെ.ടി.രവീന്ദ്രൻ പറയുന്നത്.

സംഭവമറിഞ്ഞെത്തിയ പൊലീസാണ് അക്രമം പടരുന്നത് തടഞ്ഞത്. യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കോളജ് പരിസരത്തു വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നു. അവരുടെ സന്ദർ‍ഭോചിത ഇടപെടൽ മൂലം വലിയ സംഘട്ടനം ഒഴിവായി. കെഎസ്‌യു ജില്ലാ സെക്രട്ടറി നവനീത് നാരായണൻ, കെഎസ്‌യു സ്ഥാനാർഥി സ്റ്റെബിൻ ചെറിയാൻ, പ്രവർത്തകൻ രൺദീപ് എന്നിവർക്കും എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗം കെ.അനശ്വര, യൂണിറ്റ് സെക്രട്ടറി ആദർശ് സുരേഷ്, പ്രസിഡന്റ് അശ്വിൻ അശോക് എന്നിവർക്കുമാണു പരുക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കെഎസ്‌യു നേതൃത്വത്തിന്റെ വിശദീകരണം 20 വർഷത്തിനു ശേഷം പയ്യന്നൂർ കോളജിൽ കെഎസ്‍‌യു വിജയം നേടിയതാണ്. ഔദ്യോഗിക പ്രഖ്യാപനത്തിനു മുൻപ് എസ്എഫ്ഐ പ്രവർത്തകർ ബാലറ്റ് പേപ്പറും ബാലറ്റ് പെട്ടിയും നശിപ്പിച്ചു. കെഎസ്‌യു പ്രവർത്തകരെ ആക്രമിച്ചു.

എസ്എഫ്ഐ നേതൃത്വത്തിന്റെ വിശദീകരണം എസ്എഫ്ഐ സമ്പൂർണ വിജയത്തിലെത്തുമ്പോൾ കെഎസ്‌യു പ്രവർത്തകർ ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കി. സ്റ്റുഡന്റ് എഡിറ്റർ, 10 അസോസിയേഷൻ സെക്രട്ടറിമാർ എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. മത്സരം നടന്ന മുഴുവൻ സീറ്റിലും എസ്എഫ്ഐ ജയിക്കും എന്ന ഘട്ടം വന്നപ്പോഴാണ് കെഎസ്‌യു പ്രവർത്തകർ ബാലറ്റ് പേപ്പർ നശിപ്പിക്കുകയും വോട്ടെണ്ണൽ തടസ്സപ്പെടുത്തുകയും ചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading