ഉന്നാവോ പെണ്‍കുട്ടിയുടെ കത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, നാളെ വാദം കേള്‍ക്കും

ആസൂത്രിതമെന്ന് പരാതിയുള്ള വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവോ ബലാത്സംഗ ഇരയുടെ കത്ത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ സുപ്രീം കോടതി ബഞ്ച് നാളെ പരിഗണിക്കും. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ ജയിലിലിരുന്ന ആസൂത്രണം ചെയ്തതാണ് അപകടം എന്നാണ് കുടുംബം ആരോപിക്കുന്നത്. കത്തില്‍ ജൂലായ് 12നകം റിപ്പോര്‍ട്ട് വേണമെന്ന് സെക്രട്ടറി ജനറലിനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരിക്കുകയും അഡ്വക്കേറ്റിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വാഹനാപകടത്തിന്റെ പേരില്‍ എംഎല്‍എയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്ത് വാദം കേള്‍ക്കണമെന്നും ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വി ഗിരി ആവശ്യപ്പെട്ടു.കേസില്‍ സിബിഐ അന്വേഷണം നടക്കുകയാണ്. ജൂലായ് ഏഴിനും എട്ടിനും നടന്ന വിവിധ സംഭവങ്ങള്‍ പെണ്‍കുട്ടിയുടെ കത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സെന്‍ഗറുമായി ബന്ധപ്പെട്ടവര്‍ പെണ്‍കുട്ടിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയതായി പറയുന്നു. 2017ല്‍ ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ട് കാണാന്‍ ചെന്നപ്പോള്‍ എംഎല്‍എ അടക്കമുള്ളവര്‍ 17 വയസുണ്ടായിരുന്ന തന്നെ ബലാത്സംഗം ചെയ്തു എന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഈ കേസില്‍ വ്യാപകമായ പ്രതിഷേധം യുപിയിലെ ബിജെപി സര്‍ക്കാരിനെതിരെ ഉയര്‍ന്നതിന് ശേഷമാണ് ആരോപണവിധേയനായ എംഎല്‍എ കുല്‍ദീപ് സെന്‍ഗറിനെ അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തിലധികമായി ജയിലിലാണ് സെന്‍ഗര്‍.പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കുകയും പിതാവ് ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയും ചെയ്തിരുന്നു. സെന്‍ഗറിന്റെ സഹോദരന്മാര്‍ അടക്കമുള്ള ബന്ധുക്കളും പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ചിരുന്നു. 2017 ഏപ്രില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ പെണ്‍കുട്ടിയും അമ്മയും തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: