ഈ കന(നാ)ൽ പഥങ്ങൾ താണ്ടി ഇനിയെത്രനാൾ ??; അധികൃതർ സ്വയം കണ്ണടക്കുന്നുവോ, അഭിനയിക്കുന്നുവോ??

കണ്ണാടിപറമ്പ: ഈയൊരു ‘സുന്ദര’ കാഴ്ച പുല്ലൂപ്പിക്കടവ് പുഴയുടെ സമീപത്തുനിന്നും പകർത്തിയതാണെന്നാണ് നിങ്ങൾ ധരിച്ചിരുന്നതെങ്കിൽ നിങ്ങൾക്കു തെറ്റി. നാറാത്ത് ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ ഉൾപ്പെടുന്ന പൊതുജനസഞ്ചാരമുള്ള ഒരു വഴിയാണിതെന്നു പറഞ്ഞാൽ ഒരു പക്ഷെ നിങ്ങൾക്കത് വിശ്വസിക്കാനാവില്ല. പറയാൻ പോകുന്നത് മാതോടം കോട്ടക്കുനി നിവാസികൾ നേരിടുന്ന കദനകഥയാണ്. കോട്ടക്കുനി നിവാസികളുടെ ഈ തീരാദുരിതത്തിന് ഏകദേശം ഇരുപത് വർഷങ്ങളോളം പഴക്കമുണ്ട്. ഈ കനാലിന് താഴെയുള്ള വളരെ ചെറിയ വഴിയിലൂടെയാണ് ഇരുപത് വർഷം മുമ്പ് മുതൽ ഈ നിമിഷം വരെ ഇവിടത്തുകാർ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തിൽ പ്രദേശത്തുകാരെ സമ്മതിക്കാതെ നിർവാഹമില്ല. കാരണം, ഇത്രയും വർഷത്തിനിടയ്ക്ക് ഇവർ സഹിച്ച ബുദ്ധിമുട്ടുകളെത്രയാണ്, ബന്ധപ്പെട്ട അധികൃതർ വഴി ഇവർക്കു ലഭിച്ച അവഗണനകളെത്രയാണ്.. അധികൃതർക്ക് ഇതൊരു പുച്ഛമായി തോന്നുമെങ്കിലും ഇവരുടെ ആവശ്യം നിറവേറ്റുന്നത് പിന്നെയാരാണ്?. ജനപ്രതിനിധികൾ ‘ജനവിരോധികൾ’ ആവരുതല്ലോ.. പ്രദേശത്തുകാർ സഞ്ചരിക്കുന്നത് ഈ കനാലിനു താഴെയുള്ള, കഷ്ടിച്ച് ഒരാൾക്കു മാത്രം സഞ്ചരിക്കാവുന്ന വഴിയിലൂടെയാണ്. ഈ വഴിയിൽ ഒരൽപം ഭാഗം കുറച്ചു വീതിയുണ്ടെങ്കിലും, അതിനു ശേഷമാണ് കോട്ടക്കുനി നിവാസികളുടെ യഥാർത്ഥ ബുദ്ധിമുട്ടുകളുടെ തുടക്കം. പ്രസ്തുത വഴിയിലൂടെ ഒന്നും രണ്ടും വ്യക്തികൾ മാത്രമല്ല, വൃദ്ധരും സ്കൂൾ വിദ്യാർത്ഥി-വിദ്യാർഥിനികളുമടക്കം ധാരാളം പേരാണ് ദൈനംദിനം സഞ്ചരിക്കുന്നത്. ബുദ്ധിമുട്ടുകൾ ഇവിടെയും അവസാനിക്കുന്നില്ല. പ്രത്യേകിച്ച് ഈ അതിശക്തമായ കാലവർഷത്തിൽ ഇവരുടെ അവസ്ഥ വളരെ ദയനീയത നിറഞ്ഞതു തന്നെ. എന്തെന്നാൽ, ഈയൊരു കാലയളവിൽ ഈ വഴിയിലൊക്കെയും വെള്ളം ഒരു ‘പുഴ’ കണക്കെ ഒഴുകും. ഇതുകാരണം ഇവർ ഈ കനാലിലൂടെ തന്നെ നടന്ന് മറുകര പിടിക്കുവാൻ നിർബന്ധിതരാവുന്നു. കനാലിലൂടെയുള്ള യാത്രയാവട്ടെ, അതിനേക്കാൾ ദയനീയം. വഴുക്ക് കാരണം ഇതിലൂടെ സഞ്ചരിക്കുന്ന ധാരാളം പേർക്ക് ഇതിനികം പലതവണ വീണ് പരുക്കേറ്റിറ്റുണ്ട്. ഇതൊരു അലങ്കാര വാക്കല്ല, കോട്ടക്കുനി നിവാസികൾ ദൈനംദിനം നേരിടുന്ന പരമസത്യമായ കാര്യം മാത്രം! വൃദ്ധരും ചെറിയ കുട്ടികളും ഈ കനാൽ വഴിയേ സഞ്ചരിക്കുന്ന കാഴ്ച അതിസങ്കീർണ്ണത നിറഞ്ഞതാണെന്ന് സാമാന്യം ബുദ്ധിയുള്ളവർക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇതിനകം തന്നെ പല അപകടങ്ങളും ഇവരെ പിടികൂടിയിട്ടും അവർ മാനസികമായി മാത്രം തളർന്നില്ല. കാരണം, വീണ്ടും വീണ്ടും ആശ്രയിക്കേണ്ടത് പ്രസ്തുത കനാൽവഴി തന്നെ. ദുരിതം പിന്നെയും ഇവർക്കുമേൽ ഒരു കനൽ കണക്കെ നിഴലിക്കുന്നു. സംഭവമെന്തെന്നാൽ, ഇവിടത്തുകാർക്ക് വല്ല അസുഖവും കാരണം ഒന്ന് അടിയന്തരമായി ആശുപത്രിയിൽ പോകണമെന്ന് തോന്നിയാൽ അതു നടക്കില്ല, ഒരു ബന്ധു മരണമോ മറ്റോ സംഭവിച്ച് മൃതദേഹം കൊണ്ടുപോകുവാൻ ശ്രമിച്ചാൽ അതിന്റെയും ഫലം പരാജയം തന്നെ. ഒരാൾക്ക് നേരെചൊവ്വെ നടക്കാൻ പോലും പറ്റാത്ത വഴിയിലൂടെ ഒരു കൂട്ടം ഒന്നിച്ചു നടക്കുന്നതെങ്ങനെ?. ഇതിനേക്കാൾ വലിയ ബുദ്ധിമുട്ട് ഒരു പ്രദേശത്തെ സംബന്ധിച്ച് ഇനി വരാനില്ല. ‘വികസനം’ പോലും ലജ്ജിക്കുന്ന ചില നിമിഷങ്ങൾ!! ഇതിനൊക്കെ ഒരു പരിഹാരമെന്നത് ഇതുവഴിയെ ഒരു ഫുട്പാത്ത് വേണമെന്നതാണ്. ആ ഒരു സ്വപ്നം യാഥാർഥ്യമാക്കാൻ ഇവർ ചിറകിട്ടടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. കൂടെ പഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷകളുടെ എണ്ണവും കൂടുന്നു. പഞ്ചായത്ത് അധികൃതർക്കാവട്ടെ, യാതൊരു അനക്കവുവില്ല. സ്ഥലം മെമ്പറാവട്ടെ, യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല. പ്രസ്തുത കനാലിനു താഴെ ഒരു ഫുട്പാത്ത് നിർമ്മിക്കുവാനുള്ള സ്ഥലം ഏറെയുണ്ടിവിടം. പക്ഷെ, അത് നിർമ്മിച്ചു കൊടുക്കുവാനുള്ള മനസ്സ് ബന്ധപ്പെട്ടവർക്കില്ലാതെ പോയി. ഇതിനകം ഇവിടെ മാറി മാറി വന്ന പല വാർഡ് മെമ്പർമാരും കോട്ടക്കുനി നിവാസികളുടെ ഈ ദുരവസ്ഥയ്ക്കു മുന്നിൽ സ്വയം കണ്ണടയ്ക്കുകയാണുണ്ടായത്.. അല്ല, അവർ അഭിനയിക്കുകയായിരുന്നു……? ഒരുപാട് നാട്ടുകാരുടെയും, വീട്ടുകാരുടെയും വർഷങ്ങളോളമായുള്ള ഒരേയൊരു ആവശ്യമാണ്, ഇവിടെ ഒരു ഫുട്പാത്ത് വേണമെന്നുള്ളത്.. ഇനിയും വൈകിക്കൂടാ… ബന്ധപ്പെട്ട അധികൃതർ ജാഗ്രതൈ…!!കണ്ണൂർ വാർത്തകൾക്ക് വേണ്ടി✍🏻 മുഹമ്മദ് അൽത്താഫ്.കെ, നിടുവാട്ട്_

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: