ട്രിപ്പിൾ ലോക്ക് ഡൗണിലേയ്ക്ക് ഇപ്പോൾ പോകുന്നില്ലെന്ന് ഐ.ജി; രോഗവ്യാപനം തടയാൻ ചില സ്ഥലങ്ങൾ അടച്ചിട്ടു.

കണ്ണൂർ : ജില്ലയിൽ കോവിഡ് 19 രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ചില പ്രദേശങ്ങൾ അടച്ചു. മുഴപ്പിലങ്ങാട് ,ധർമ്മടം എന്നീ ഗ്രാമപഞ്ചായത്തുകളും തലശ്ശേരി നഗരസഭയിലെ മട്ടാമ്പ്രം ,തലായി വാർഡുകളുമാണ് അടച്ചിട്ടത്. കണ്ടോൺമന്റെ സോണുകളും പൂർണമായി അടയ്ക്കും. രോഗികളുമായി സമ്പർക്കം പുലർത്തിയവരെ പൂർണ്ണമായും കണ്ടുപിടിക്കുന്നതിനായാണ് ഈ പ്രദേശങ്ങൾ അടച്ചിടുന്നത്. നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൻറെ ഭാഗമായി ഐ.ജി അശോക് യാദവ് ഇവിടങ്ങളിൽ സന്ദർശനം നടത്തി. ധർമ്മടം സ്വദേശിനിയായ 62 കാരി ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവരുടെ കുടുംബത്തിലെ 13 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എവിടെ നിന്നാണ് ഇവര്‍ക്ക് രോഗബാധ ഉണ്ടായതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരുമായുള്ള സമ്പർക്കം വഴി രണ്ട് പേർക്കും കൊവിഡ് ബാധിച്ചിരുന്നു.

അടച്ചിട്ട സ്ഥലങ്ങളിൽ അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. കണ്ടെയ്ൻമെന്റ് സോണുകളിൽ പൊലീസ് പരിശോധന കർശനമാക്കും. ഹോം ക്വാറന്റീൻ ശക്തമാക്കും, ഇതിനായി പരിശോധന തുടരും. പ്രധാനപാത ഒഴികെയുള്ള ചെറുറോഡുകളെല്ലാം പോലീസ് അടച്ചു. അടച്ചിട്ട പ്രദേശങ്ങളിൽ ആളുകളെ പുറത്തിറങ്ങാൻ അനുവദിക്കില്ല. അവശ്യ സാധനങ്ങൾക്കായി അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമീപിക്കാമെന്ന് അധികൃതർ അറിയിച്ചു. നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നും, അതേസമയം ട്രിപ്പിൾ ലോക്ക് ഡൗണിലേയ്ക്ക് ഇപ്പോൾ പോകുന്നില്ലെന്നും ഐജി വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: