എടൂർ വെമ്പുഴ പാലത്തിൽ നിന്നും ടിപ്പർ ലോറി പുഴയിലേക്ക് മറിഞ്ഞു.


ഇരിട്ടി: എടൂർ- അങ്ങാടിക്കടവ് റോഡിൽ വെമ്പുഴ പാലത്തിൻ്റെ കൈവരികൾ തകർത്ത് ടിപ്പർ ലോറി പുഴയിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറിഡ്രൈവർ മട്ടന്നൂർ കോളാരി സ്വദേശി വിനോദിന് പരിക്കേറ്റു.
വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. റീബിൾഡ് കേരളം പദ്ധതിയിൽ നവീകരിക്കുന്ന എടൂർ – അങ്ങാടിക്കടവ് റോഡ് ആരംഭിക്കുന്നത് ഈ പാലത്തിൽ നിന്നാണ്. റോഡ് വീതികൂട്ടി നവീകരണ പ്രവർത്തി നടക്കുകയാണെങ്കിലും വീതികുറഞ്ഞ പഴയ പാലം പുതുക്കിപ്പണിതിരുന്നില്ല. അങ്ങാടിക്കടവ് ഭാഗത്ത് നിന്നും എടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറി പാലത്തിൽ കയറിയ ഉടനെ അങ്ങാടിക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും പാലത്തിലേക്ക് കയറി. വീതികുറഞ്ഞ പാലത്തിൽ നിന്നും കാറിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ ലോറി വെട്ടിച്ചതോടെ കൈവരി തകർത്ത് ടിപ്പർ പുഴയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവർ മട്ടന്നൂർ കോളാരി സ്വദേശി വിനോദിനെ സമീപത്തെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. കൈക്കും തലക്കുമാണ് പരിക്കേറ്റത്. നിറയേ പാറക്കൂട്ടങ്ങളുള്ള പുഴയിൽ വെള്ളം കുറവാണ്. പാലത്തിലൂടെ ഒരു വലിയ വാഹനത്തിന് മാത്രം ഒരേസമയം ഒരു ദിശയിലേക്ക് കടന്നുപോകാൻ കഴിയുകയുള്ളൂ. കോടികൾ മുടക്കി നവീകരിക്കുന്ന റോഡിൽ വീതികുറഞ്ഞ പാലം പുതുക്കിപ്പണിയാത്തത് അപകടം വിളിച്ചുവരുത്തുമെന്ന് മുൻപ് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തി പുറത്തെത്തിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: