കണ്ണൂർ വിമാനത്താവളത്തിൽ ശുചീകരണപ്രവർത്തനം ഊർജിതമാക്കി; ലോക്ക് ഡൗണിന് പിന്നാലെ വിമാനത്താവളം പ്രവർത്തന സജ്ജമാകും


മട്ടന്നൂർ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി താത്‌കാലികമായി അടച്ചിട്ട കണ്ണൂർ വിമാനത്താവളത്തിൽ അണുനശീകരണത്തിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശമനുസരിച്ച് പ്രത്യേക പരിശീലനം ലഭിച്ച വിമാനത്താവളത്തിലെ ശുചീകരണത്തൊഴിലാളികളാണ് അണുനശീകരണത്തിന് നേതൃത്വം നൽകുന്നത്.
വീണ്ടും തുറക്കുമ്പോഴേക്കും വിമാനത്താവളം യാത്രക്കാർക്കായി പൂർണ സജ്ജമാക്കാൻ ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ.

നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ 14-ന് വിമാനത്താവളം തുറക്കാനാണ് ഡി.ജി.സി.എ. ലക്ഷ്യമിടുന്നത്. ടെർമിനൽ കെട്ടിടത്തോടൊപ്പം എ.ടി.സി., ഫയർ സ്റ്റേഷൻ കെട്ടിടങ്ങൾ, ഫ്ളൈ ഓവറുകൾ, റോഡുകൾ എന്നിവയെല്ലാം ശുചീകരിക്കുന്നുണ്ട്. സെക്യൂരിറ്റി ഹോൾഡ് ഏരിയകൾ, ചെക്ക്-ഇൻ കൗണ്ടറുകൾ, ബാഗേജ് കൈകാര്യം ചെയ്യാനുള്ള സൗകര്യം, എമിഗ്രേഷൻ, കസ്റ്റംസ് ഏരിയ, പുറപ്പെടൽ ഗേറ്റുകൾ എന്നിവയും പൂർണമായി അണുവിമുക്തമാക്കും. കൊറോണ വൈറസിനെതിരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ചാണ് ശുചീകരിക്കുന്നത്.

ലോക്ക് ഡൗണിന് മുമ്പ് ഫെബ്രുവരി ആറു മുതൽ മാർച്ച് 24 വരെയുള്ള കാലയളവിൽ 70,000 യാത്രക്കാരെയാണ് ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളിൽ പരിശോധിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡി.ജി.സി.എ.യും സംസ്ഥാന ആരോഗ്യ വകുപ്പും നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് പരിശോധനകൾ നടത്തിയത്.

വിമാനത്താവളം വീണ്ടും തുറക്കുമ്പോൾ രോഗം തടയാൻ മുൻകരുതൽ നടപടികളെക്കുറിച്ച് വിവിധ സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. പ്രത്യേക സാഹചര്യത്തിൽ സർക്കാർ ആവശ്യപ്പെടുന്ന ഏതു സമയത്തും വിമാനത്താവളം അടിയന്തരപ്രവർത്തനങ്ങൾക്ക് തയ്യാറാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: