റാഡോ വാച്ച് മാത്രം മോഷ്ടിക്കുന്ന വിരുതൻ പയ്യന്നൂരിലും മോഷണം നടത്തി

പയ്യന്നൂർ.പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വിരുതൻ പയ്യന്നൂർ ടൗണിലെ വ്യാപാരിയുടെ അര ലക്ഷം രൂപ വരുന്ന റാഡോ വാച്ച് കവർന്നു. ടൗണിലെ മൊബെൽ ഷോപ്പ് ഉടമ തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി വി കെ പി അഷറഫിൻ്റെ വാച്ചാണ് കവർന്നത്. ഇക്കഴിഞ്ഞ 18 ന് ബുധനാഴ്ചടൗണിലെ ജുമാ മസ്ജിദിൽ വൈകുന്നേരം നിസ്കാരത്തിനെത്തി ദേഹ ശുദ്ധി വരുത്തുന്നതിനിടെ കൈയിലെ വാച്ച് അഴിച്ച് സമീപത്ത് വെച്ചതായിരുന്നു. പിൻതിരിഞ്ഞ് വാച്ച് എടുക്കാൻ ശ്രമിച്ചപ്പോഴെക്കും നിമിഷങ്ങൾക്കുള്ളിൽ മോഷ്ടാവ് വാച്ചുമായി കടന്നു കളഞ്ഞിരുന്നു. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നിരീക്ഷണ ക്യാമറ പരിശോധിച്ചതിൽ നിന്നും മധ്യവയസ്കനായ ഒരാൾ റാഡോ വാച്ചുമായി കടന്നു കളയുന്ന ദൃശ്യം കണ്ടെത്തി.തുടർന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകി. പള്ളികൾ കേന്ദ്രീകരിച്ച് വില പിടിപ്പുള്ള വാച്ചുകളും മറ്റും മോഷ്ടിച്ച് മംഗലാപുരത്തും മറ്റും വിൽപന നടത്തുന്ന കർണ്ണാടക സ്വദേശിയായ മോഷ്ടാവിൻ്റെ മോഷണ ദൃശ്യമാണ് നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ചത് .പ്രതിയെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ഇതിനകം ലഭിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ മോഷ്ടാവിന് കാസറഗോഡ് ജില്ലയിലെ സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്.