വരുമാനം മാലിന്യത്തിലൂടെയും; അഭിമാന പദ്ധതികളുമായി കോളയാട് ഗ്രാമ പഞ്ചായത്ത്   

ഉപയോഗ ശേഷം റോഡരികിലും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ മികച്ച  വരുമാന സ്രോതസ്സായി മാറ്റിയിരിക്കുകയാണ് കോളയാട് ഗ്രാമ പഞ്ചായത്ത്. ബോട്ടില്‍ ബൂത്തുകള്‍ വഴി ഉപയോഗ ശൂന്യമായ ബോട്ടിലുകള്‍ ശേഖരിച്ച് വില്‍പ്പന നടത്തിയാണ് നല്ലൊരു വരുമാന മാര്‍ഗം കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു പഞ്ചായത്ത് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. പ്രകൃതി സംരക്ഷണത്തിലൂടെ എങ്ങനെ വരുമാനമുണ്ടാക്കാം  എന്നതിന്റെ മികച്ച മാതൃകകൂടിയാണിത്.

ഒരു സ്‌ക്വയര്‍ മീറ്ററിലുള്ള ബോട്ടില്‍ ബൂത്തുകളാണ് പഞ്ചായത്തില്‍ ബോട്ടിലുകള്‍ ശേഖരിക്കുന്നതിനായി നിര്‍മ്മിച്ചിരിക്കുന്നത്. പഞ്ചായത്തിലെ 14 വാര്‍ഡുകളിലായി 25 കേന്ദ്രങ്ങളില്‍ ബൂത്തുകള്‍ സ്ഥാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ആറ് ബൂത്തുകളില്‍ നിന്ന് മാത്രം ലഭിച്ച ബോട്ടിലുകള്‍ വില്‍പ്പന നടത്തിയതി

ല്‍ നിന്ന് പതിനായിരം രൂപയാണ് പഞ്ചായത്തിന്  ലഭിച്ചത്. ബാക്കിയുള്ള 19 ബൂത്തുകള്‍ കൂടി തുറക്കുന്നതോടെ നല്ലൊരു വരുമാനം പദ്ധതിയിലൂടെ ലഭിക്കും. ഈ തുക ഹരിത കര്‍മ്മസേനയ്ക്ക് വേതനം നല്‍കുന്നതിന് ഉപയോഗിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഒരു കിലോ ബോട്ടിലിന് 20 രൂപ വീതമാണ് പഞ്ചായത്തിന് ലഭിച്ചത്. 

കഴിഞ്ഞ വര്‍ഷമാണ് പഞ്ചായത്തില്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ബൂത്തുകളെല്ലാം നിറയുകയും ചെയ്തു. പഞ്ചായത്തിലെ റോഡുകളും പുഴകളും തോടുകളുമടക്കമുള്ള  പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ കൂടി വന്നപ്പോഴാണ് ബോട്ടില്‍ ബൂത്ത് എന്ന ആശയം നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് പ്രസിഡന്റ് കെ പി സുരേഷ്‌കുമാര്‍ പറഞ്ഞു. മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. വീടുകളില്‍ നിന്നും മറ്റ് പരിപാടികളില്‍ നിന്നും ലഭിക്കുന്ന ബോട്ടിലുകള്‍ നാട്ടുകാര്‍ കൃത്യമായി ബൂത്തുകളില്‍ നിക്ഷേപിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി മാലിന്യമില്ലാത്ത മംഗല്യമാണ് പഞ്ചായത്തില്‍ നടപ്പാക്കുന്ന മറ്റൊരു പദ്ധതി.  വിവാഹത്തിനും മറ്റ് ആഘോഷ പരിപാടികളിലും ഡിസ്പോസബിള്‍ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കി സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കുന്നതാണ് പദ്ധതി. ആഘോഷ പരിപാടികള്‍ നടക്കുന്ന വീടുകളില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അധികൃതര്‍ നേരിട്ടെത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ആവശ്യമുള്ളവര്‍ക്ക് പ്ലേറ്റുകളും ഗ്ലാസുകളും സൗജന്യമായി നല്‍കുകയും ചെയ്യും. നിര്‍ദേശങ്ങള്‍ പാലിക്കാത്തവരില്‍ നിന്നും പിഴയീടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. കൂടാതെ ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച് നടത്തുന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കില്ലെന്ന നിലപാടും പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ട്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: