ആരാധനാലയങ്ങളിലും ഭക്ഷ്യസുരക്ഷ നിയമം; വൃത്തിയില്ലാത്ത തട്ടുകടകള്‍ പിടിച്ചെടുക്കും

ജനങ്ങളുടെ വിശ്വാസ കേന്ദ്രങ്ങളായ ആരാധനാലയങ്ങള്‍ക്ക് ഭഷ്യസുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വലിയ ഉത്തരവാദിത്വമാണുള്ളതെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി. മുഴുവന്‍ ആരാധനാലയങ്ങളും ഭക്ഷ്യ സുരക്ഷ നിയമത്തിന് കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ബോഗ് (ബ്ലിസ്ഫുള്‍ ഹൈജീനിക് ഓഫറിംഗ് ടു ഗോഡ്) ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവന്‍ ആരാധനാലയങ്ങളിലും ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്ന ആദ്യ ജില്ലയായി കണ്ണൂര്‍ മാറണം. പ്രശ്നങ്ങള്‍ വന്നതിന് ശേഷം എന്ത് ചെയ്യണമെന്നല്ല പ്രശ്നം വരാതിരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്നാണ് ചിന്തിക്കേണ്ടത്. അതിന്റെ ഭാഗമായാണ് നടപടിയെന്നും കലക്ടര്‍ വ്യക്തമാക്കി. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് ഫെബ്രുവരി അവസാന വാരം അവലോകന യോഗം ചേരാനും ബോഗ് പദ്ധതിയെക്കുറിച്ച് ആരാധനാലയങ്ങള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ ലഭ്യമാക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി. 

ആരാധനാലയങ്ങളില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബോഗ്  പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി എല്ലാ ആരാധനാലയങ്ങള്‍ക്കും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് ആക്ട് പ്രകാരം ലൈസന്‍സ് നിര്‍ബന്ധമാക്കും. ഇരിട്ടിയിലെ ഒരു അമ്പലത്തില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ശര്‍ക്കര പരിശോധിച്ചതിനെ തുടര്‍ന്ന് വന്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന മായം കണ്ടെത്തിയതായി  ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ യോഗത്തെ അറിയിച്ചു. ഇതെത്തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ പരിശോധന നടത്തുകയും റോഡമിന്‍ ബി കണ്ടെത്തിയ ശര്‍ക്കര നിരോധിക്കുകയും ചെയ്തിരുന്നു.

ആരാധനാലയങ്ങളില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്ന മായങ്ങള്‍ എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ച് ഇവര്‍ ബോധവാന്മാരായിരിക്കണമെന്നും യോഗം വ്യക്തമാക്കി. ആരാധനാലയങ്ങളോട് ചേര്‍ന്നുള്ള ഓഡിറ്റോറിയങ്ങളും ഭക്ഷ്യസുരക്ഷയ്ക്ക് കീഴില്‍ കൊണ്ടുവരികയും ഇവിടങ്ങളിലേക്ക് വെള്ളമെടുക്കുന്ന കിണറുകള്‍ പരിശോധിക്കുകയും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. മായം കണ്ടെത്തേണ്ട രീതികളെക്കുറിച്ചും ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും യോഗം വിശദീകരിച്ചു. 

മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന ശര്‍ക്കര, നെയ്യ് ഉള്‍പ്പെടെയുള്ള സാധനങ്ങളെക്കുറിച്ച് നിരവധി സംശയങ്ങളാണ് ആരാധനാലയ പ്രതിനിധികള്‍ യോഗത്തില്‍ ഉയര്‍ത്തിയത്. ആരാധനാലയങ്ങള്‍ക്ക് ലൈസന്‍സിന് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യവും യോഗത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. തട്ടുകടകളുടെ സുരക്ഷയെക്കുറിച്ചും പരിപാടിയില്‍ ആരോപണമുയര്‍ന്നു. നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തട്ടുകടകളില്‍ കര്‍ശന പരിശോധ നടത്താന്‍ ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും തട്ടുകടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍  അറിയിച്ചു. 

ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ സി എ ജനാര്‍ദ്ദനന്‍, കണ്ണൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ കെ പി മുസ്തഫ, പയ്യന്നൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ധനുശ്രീ, ഉദ്യോഗസ്ഥരായ വി സര്‍ജിദ്, മുഹമ്മദ് ജസ്ഹായ്, ആരാധനാലയ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: