ജനകീയ ജലസംരക്ഷണം: മികച്ച ആശയങ്ങള്‍ പങ്കുവച്ച് പഞ്ചായത്തുകള്‍

ശുദ്ധജല സംരക്ഷണ മാതൃകകളില്‍ ഉണര്‍വേകി തദ്ദേശസ്ഥാപനങ്ങളുടെ വിദഗ്ദ നിര്‍ദ്ദേശങ്ങളുമായി ജില്ലാ തല ജലസംഗമം. ജില്ലാ ആസൂത്രണ സമിതി മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. മറ്റേത് പദ്ധതികള്‍ക്ക് നല്‍കുന്നതിനെക്കാള്‍ പ്രാധാന്യം ജലസംരക്ഷണ മേഖലയ്ക്ക് നല്‍കാന്‍ പഞ്ചായത്തുകള്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഭൂഗര്‍ഭ ജലത്തിന്റെ തോത് ദിവസേന കുറഞ്ഞുവരികയാണ്. മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാതെ പൂര്‍ണ്ണമായും ഒഴുകിപ്പോകുന്നതും പോലെ വ്യാപകമായി നിര്‍മ്മിക്കുന്ന കുഴല്‍ കിണറുകളും ഇതിന് കാരണമാണ്. അമൂല്യമായ ജലം സംരക്ഷിക്കുന്നതിന്റെ ആവശ്യകത വിട്ടുവീഴ്ചയിച്ചയില്ലാതെ ശക്തമായി ബോധ്യപ്പെടുത്താനാകണം. ഓരോ കുടുംബത്തെയും ഈ ലക്ഷ്യം കൈവരിക്കുന്നതിനായി മാനസികമായി പ്രാപ്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഹരിത കേരളം മിഷന്‍ സംഘടിപ്പിച്ച ജലസംരക്ഷണ മാതൃകകളുടെ അവതരണത്തിലാണ് മലിനമായിക്കൊണ്ടിരിക്കുന്ന ശുദ്ധജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനായുള്ള പദ്ധതികള്‍ അവതരിപ്പിച്ചത്. ജില്ലയിലെ 16 പഞ്ചായത്തുകളാണ് തങ്ങള്‍ നടപ്പിലാക്കിയതും തുടര്‍ന്ന്‌കൊണ്ടിരിക്കുന്നതുമായ നൂതന ജല സംരക്ഷണ മാതൃകകളും ആശയങ്ങളും മുന്നോട്ട് വച്ചത്. കുടിവെള്ളത്തിനായി ടാങ്കര്‍ ലോറികളെയും മറ്റും ആശ്രയിച്ചിരുന്ന വിവിധ പഞ്ചായത്തുകള്‍

ജല സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കിയതോടെ കുടിവെള്ളത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചതിന്റെ അനുഭവങ്ങളും പങ്കുവച്ചു. ഉയര്‍ന്ന പ്രദേശങ്ങളില്‍ കോണ്ടൂര്‍ ബണ്ട് നിര്‍മ്മാണം, ജലാശയങ്ങളില്‍ തടയണകള്‍ നിര്‍മ്മാണം, മികവാര്‍ന്ന രീതിയില്‍ കിണര്‍ റിച്ചാര്‍ജ്ജിംഗ്, പരമ്പരാഗത രീതിയില്‍ കര്‍ക്കടകകൊത്ത് തുടങ്ങയവ നടത്തി  വിവിധ പഞ്ചായത്തുകള്‍ ശുദ്ധജലസ്രോതസുകളുടെ സംരക്ഷണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംഗമത്തില്‍ പങ്കുവച്ചു. ഉദയഗിരി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ പച്ചത്തുരുത്ത് പദ്ധതി ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു.

മികച്ച രീതിയില്‍ ജലസംരക്ഷണ മാതൃകകള്‍ നടപ്പിലാക്കിയ  പഞ്ചായത്തുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി വിതരണം ചെയ്തു. ജില്ലാതല ജലസംഗമത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പായം, കുറുമാത്തൂര്‍, ചെങ്ങളായി എന്നീ ഗ്രാമ പഞ്ചായത്തുകളുടെ ജലസംരക്ഷണ മാതൃകകള്‍ ഹരിത കേരളം മിഷന്‍ കോട്ടയത്ത് നടത്തുന്ന സംസ്ഥാന തല ജലസംഗമത്തില്‍ അവതരിപ്പിക്കും.

ചടങ്ങില്‍ ജില്ലാ ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദന്‍ അധ്യക്ഷനായി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ടി ഗംഗാധരന്‍, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വൈസ് പ്രസിഡണ്ടുമാര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: