രണ്ട് വര്‍ഷത്തിനകം ജില്ലയിലെ മുഴുവന്‍ തരിശ് ഭൂമിയും  കൃഷി യോഗ്യമാക്കും-കെ വി സുമേഷ് കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്തു

രണ്ട് വര്‍ഷം കൊണ്ട് ജില്ലയിലെ മുഴുവന്‍ തരിശ് നിലങ്ങളും കൃഷിയോഗ്യമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. സാധാരണക്കാര്‍ക്ക് കൂടി ആധുനിക യന്ത്രങ്ങള്‍ ലഭ്യമാക്കാനാണ് ജില്ലാ പഞ്ചായത്ത് യന്ത്രവല്‍ക്കരണം നടത്തുന്നത്. കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തി മുന്നോട്ട് കൊണ്ടു പോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ മുഴുവന്‍ ഭൂമിയും തരിശ് രഹിതമാക്കുന്നതിന്റെ ഭാഗമായി കര്‍ഷക ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന യന്ത്രങ്ങളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33 ലക്ഷംരൂപ ചെലവഴിച്ചാണ്് യന്ത്രങ്ങള്‍ വിതരണം ചെയ്തത്. 

കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍കരണത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കി യുവാക്കളെ ഉള്‍പ്പെടെ കൃഷിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുത്ത 31 കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് യന്ത്രങ്ങള്‍ നല്‍കിയത്. ജില്ലയിലെ പ്രവര്‍ത്തന ക്ഷമമായ കര്‍ഷക സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, പാടശേഖര സമിതികള്‍ തുടങ്ങിയ ഗ്രൂപ്പുകളില്‍ നിന്നാണ് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. പവര്‍ ടില്ലര്‍, നടീല്‍ യന്ത്രം, കൊയ്ത്ത് യന്ത്രം, മെതിയന്ത്രം, കാട് വെട്ട് യന്ത്രം, സ്‌പ്രെയറുകള്‍ എന്നിവ വിതരണം ചെയ്തു.  യന്ത്രങ്ങളുടെ വിലയുടെ 90 ശതമാനം സബ്‌സിഡിയായി കര്‍ഷകന് ലഭിക്കും. 

ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാര്‍ വി കെ സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, കൃഷി വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി കെ മോഹനന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ പി ജയബാലന്‍, കെ ശോഭ, അംഗങ്ങളായ അന്‍സാരി തില്ലങ്കേരി, അജിത്ത് മാട്ടൂല്‍ എന്നിവര്‍ പങ്കെടുത്തു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: