പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ അന്തരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ (100) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഹീരാ ബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിയോഗ വിവരമറിഞ്ഞ് പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. നൂറ്റാണ്ട് കാലം നീണ്ടുനിന്ന ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോദി അനുസ്മരിച്ചു. കഴിഞ്ഞ ജൂണിൽ അമ്മ 100–ാം വയസ്സിലേക്കു പ്രവേശിച്ചപ്പോൾ ഗാന്ധിനഗറിലെ വീട്ടിലെത്തി നരേന്ദ്ര മോദി പാദപൂജ നടത്തിയിരുന്നു.

പ്രധാനമന്ത്രി പദം വരെയെത്തിയ നരേന്ദ്രമോദിയുടെ വളര്‍ച്ചക്ക് എന്നും ഊര്‍ജ്ജമായിരുന്നു അമ്മ ഹീരാബെന്‍. വട് നഗറിലെ ചെറിയ വീട്ടില്‍ നിന്ന് ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതി വരെയെത്തിയ യാത്രയില്‍ അമ്മയേയും മോദി ചേര്‍ത്ത് പിടിച്ചിരുന്നു. അമ്മയുമായുള്ള തൻറെ ആത്മബന്ധത്തെ കുറിച്ച് പ്രധാനമന്ത്രി പലതവണ വാചാലനായി. അമ്മയുടെ നൂറാം പിറന്നാൾ ദിവസം അവർ അതിജീവിച്ച പ്രയാസങ്ങളെകുറിച്ച് പ്രധാനമന്ത്രി തൻറെ ബ്ലോഗിൽ എഴുതി. അസാധാരണ വ്യക്തിത്വത്തിനുടമയായ തൻറെ അമ്മ വളരെ ലളിതമായി ജീവിച്ചു പോന്ന സ്ത്രീയാണെന്ന് പ്രധാനമന്ത്രി അന്ന് കുറിച്ചു.

ഫെയ്‌സ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗുമായി നടത്തിയ അഭിമുഖത്തിൽ അമ്മയെക്കുറിച്ച് സംസാരിക്കുന്നതിനിടെ നരേന്ദ്ര മോദി വികാരാധീനനായി. തന്റെ ജീവിതത്തിന്റെ നെടുംതൂണാണ് അമ്മയെന്നാണ് അന്ന് മോദി പറഞ്ഞത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: