ഏഴാമത് സാമ്പത്തിക സെന്‍സസ് രണ്ടാം ഘട്ടം ജില്ലയില്‍ തുടങ്ങി

ഏഴാമത് സാമ്പത്തിക സെന്‍സസിന്റെ രണ്ടാം ഘട്ടം ജില്ലയില്‍ പുനരാരംഭിച്ചു. സൂപ്പര്‍വൈസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിക്‌സ് വകുപ്പ്, കോമണ്‍ സര്‍വീസ് സെന്റര്‍ ഇ ഗവേണന്‍സ് സര്‍വീസസ് ഇന്ത്യ ലിമിറ്റഡ്, കേന്ദ്ര ഇലക്ട്രോണിക്‌സ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം എന്നിവ സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്. തദ്ദേശ സ്ഥാപനതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍വൈസര്‍മാരാണ് പരിശീലനത്തില്‍ പങ്കെടുത്തത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന സാമ്പത്തിക സെന്‍സസുമായി എല്ലാവരും സഹകരിക്കണമെന്നും വിവരശേഖരണത്തില്‍ ശരിയായ വിവരങ്ങള്‍ നല്‍കണമെന്നും ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് അധികൃതര്‍ അറിയിച്ചു. സാമ്പത്തിക സെന്‍സസ് നടത്തുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് യഥാര്‍ഥ വിവരങ്ങള്‍ നല്‍കരുതെന്ന് നിര്‍ബന്ധിക്കുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ ജില്ലാ കലക്ടര്‍മാരോടും പൊലീസിനോടും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.
ഇന്ത്യയുടെ മുഴുവന്‍ സംരംഭങ്ങളുടെയും വിവരങ്ങളാണ് സാമ്പത്തിക സെന്‍സസിലൂടെ ശേഖരിക്കുന്നത്. വാണിജ്യ വ്യവസായ കേന്ദ്രങ്ങള്‍, വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് വിവരശേഖരണം നടത്തുന്നത്. സാമ്പത്തിക സംരംഭം നടത്തുന്ന എല്ലാ കുടുംബങ്ങളും സ്ഥാപനങ്ങളും ഇതിന്റെ പരിധിയില്‍ വരും. പദ്ധതി നിര്‍വഹണത്തിനും ആസൂത്രണത്തിനും ആവശ്യമായ വിവരങ്ങള്‍ സര്‍വെയിലൂടെ ലഭിക്കും. ജനുവരി 15 നകം ജില്ലയിലെ സാമ്പത്തിക സര്‍വെ പൂര്‍ത്തിയാക്കും.
കോമണ്‍ സര്‍വീസ് സെന്റര്‍ ജില്ലാ മാനേജര്‍ പി എസ് റിഷിറാം മൊബൈല്‍ അപ്ലിക്കേഷനില്‍ പരിശീലനം നല്‍കി. സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് റിസര്‍ച്ച് ഓഫീസര്‍ കെ രമ്യ, ഇന്‍വെസ്റ്റിഗേറ്റര്‍മാരായ ഇ വിനീഷ്, വി പി അഷ്‌റഫ്, സര്‍വെ നടത്തുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട വെണ്ടര്‍ പ്രതിനിധി സലില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: