പുതിയ സ്‌കൂൾ പാഠ്യപദ്ധതി സാമൂഹിക രേഖ; ജില്ലാതല ജനകീയ ചർച്ച സംഘടിപ്പിച്ചു

0

കണ്ണൂർ: സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ജില്ലാതല ജനകീയ ചർച്ച കണ്ണൂർ ശിക്ഷക് സദൻ ഹാളിൽ നടത്തി. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ സമീപനം, ഉള്ളടക്കം, വിനിമയം, മൂല്യനിർണയം, ബോധനരീതി എന്നിവയെല്ലാം ഉൾക്കൊള്ളുന്ന സാമൂഹിക രേഖയാണ് പാഠ്യപദ്ധതിയെന്ന് വിഷയം അവതരിപ്പിച്ച കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ വിനോദ് കുമാർ പറഞ്ഞു.

കഴിഞ്ഞ നിരവധി വർഷങ്ങളായി അറിവിന്റെ വ്യത്യസ്ത മേഖലകളിൽ ഉണ്ടായിട്ടുള്ള വികാസത്തെ പരിഗണിച്ചുകൊണ്ടുള്ള പരിഷ്‌കരണമാകും നടപ്പിലാക്കുക. പാഠ്യപദ്ധതിയെ സംബന്ധിച്ചുള്ള പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിക്കുന്നതിനാണ് വിപുലമായ ജനകീയ ചർച്ചകൾ നടത്തുന്നത്.
വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പൊതുവായ കാര്യങ്ങളും 26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങളും ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, സ്‌കൂൾ തലങ്ങളിൽ വിശദമായ ജനകീയചർച്ചകൾക്ക് വിധേയമാക്കുകയാണ്. ചർച്ചയിലെ വിവരങ്ങൾ ക്രോഡീകരിച്ച് സംസ്ഥാനതലത്തിലേക്ക് നൽകും.

വിദ്യാർഥികളിൽനിന്ന് ശേഖരിക്കുന്ന നിർദേശങ്ങൾ നേരിട്ട് സംസ്ഥാനതലത്തിലേക്ക് നൽകും. പൊതുജനങ്ങൾക്ക് നേരിട്ട് നിർദേശങ്ങൾ സമർപ്പിക്കാനുള്ള ടെക് പ്ലാറ്റ്‌ഫോം പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്. പൊതുചർച്ചകളിലൂടെയും ഓൺലൈനിലൂടെയും ലഭ്യമാകുന്ന പൊതുസമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം പരിഗണിച്ചായിരിക്കും പാഠപുസ്തകങ്ങളും അനുബന്ധ സാമഗ്രികളും വികസിപ്പിക്കുക.

ജില്ലാ പഞ്ചായത്ത്, സമഗ്ര ശിക്ഷാ കേരളം, ഡയറ്റ് കണ്ണൂർ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷ ബോധം, ഭരണഘടന, പ്രാദേശിക ചരിത്രം, ലിംഗനീതി തുടങ്ങിയ വിഷയങ്ങൾ പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അവർ പറഞ്ഞു.

സങ്കുചിത താൽപര്യങ്ങൾക്കു മുന്നിൽ പുരോഗമനാശയങ്ങൾ മുട്ടുമടക്കരുത്. പാഠ്യപദ്ധതി മാത്രം പരിഷ്‌ക്കരിച്ചാൽ പോരെന്നും സ്‌കൂൾ അന്തരീക്ഷവും അധ്യാപകരും ഒരു പാട് മാറാനുണ്ടെന്നും അവർ പറഞ്ഞു.

കണ്ണൂർ ഡിഡിഇ വി എ ശശീന്ദ്രവ്യാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്‌നകുമാരി, അഡ്വ. ടി സരള, യു പി ശോഭ, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ഇ സി വിനോദ്, എച്ച് എസ് എസ് ജില്ലാ കോ ഓർഡിനേറ്റർ ടി വി വിനോദ് എന്നിവർ സംസാരിച്ചു.
വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നടന്ന ചർച്ചകൾക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓർഡിനേറ്റർ പി വി പ്രദീപൻ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading