ആരാധന മഹോത്സവം സമാപനം ഇന്ന് പ്രസാദ ഊട്ട്

പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നവമ്പർ 16 മുതൽ നടന്ന് വരുന്ന ആരാധന മഹോത്സവം ഇന്ന് സമാപിക്കും. ഇന്ന് ഭക്തജന സഹസ്രങ്ങൾക്ക് ഭഗവൽ പ്രസാദമായ പ്രസാദ ഊട്ട് വിളമ്പും. ക്ഷേത്രത്തിൽ ഉച്ചപൂജ കഴിയുന്നതോടെ പ്രസാദ ഊട്ടിന് തുടക്കമാവും. ക്ഷേത്രം ഊട്ട്പുരയിൽ ആണ് പ്രസാദ ഊട്ട് തയ്യാറാക്കുക.കഴിഞ്ഞ അഞ്ച് വർഷമായി ആരാധന മഹോത്സവ വേളയിൽ ഉച്ച നേരത്ത് ഭക്തജനങ്ങൾക്ക് നൽകി വരുന്ന അന്നദാനവും പ്രസാദ ഊട്ടും ഒരുക്കുന്നത് കൊടക്കാട് നാരായണൻ നമ്പൂതിരിയുടെ നേതൃത്ത്വത്തിലുള്ള പാചക സംഘമാണ്. പ്രസാദ ഊട്ടിന് ഇരുപത്തി അയ്യായിരം പേർക്കുള്ള വിഭവങ്ങൾ ആണ് ഒരുക്കുന്നത്. കാളൻ, കൂട്ട് കറി, പച്ചടി, മാങ്ങ അച്ചാർ, പാൽപ്പായസം തുടങ്ങിയവയാണ് ചോറിനൊപ്പം നൽകുക.75 ക്വിന്റൽ അരി, 8 ക്വിന്റൽ ചേന, 10 ക്വിൻറൽ പച്ചക്കായ, 30 ക്വിന്റൽ വെള്ളരിക്ക, 15 ക്വിൻറൽ കുമ്പളങ്ങ,2000 ലിറ്റർ പാൽ, 1500 ലിറ്റർ തൈര്,7500 തേങ്ങ ,നാലര ക്വിന്റൽ ചെറുനാരങ്ങ എന്നിങ്ങനെയാണ് അന്നദാനത്തിനും പ്രസാദ ഊട്ടിനും ആവശ്യമായ സാധനങ്ങൾ.ഭക്തജനങ്ങൾക്ക് പ്രസാദ ഊട്ട് സുഖമമായി വിളമ്പുന്നതിന് വനിത കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്ത് കൗണ്ടറുകൾ പ്രവർത്തിക്കും. ആഘോഷക്കമ്മിറ്റി ചെയർമാൻ എ വി മാധവപ്പൊതുവാളും ജനറൽ കൺവീനർ കെ ശിവകുമാറുമാണ് നേതൃത്ത്വം നൽകുന്നത്. വൈകുന്നേരം 6 മണിക്ക് സമാപന സമ്മേളനം പയ്യന്നൂർ നഗരസഭ ചെയർമാൻ ശശി വടക്കൊവ്വൽ ഉദ്ഘാടനം ചെയ്യും. ഡി വൈ എസ് പി കെ വി വേണുഗോപാൽ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് എസ് എസ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: