ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്
ഉദ്ഘാടനം ചെയ്തു


ടൂറിസം -ഹോസ്പിറ്റാലിറ്റി മേഖലകളില്‍
വന്‍ തൊഴിലവസരം: മുഖ്യമന്ത്രി

ടൂറിസം – ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് മേഖലകള്‍ വഴി വലിയ തോതിലുള്ള തൊഴിലവസരമാണ് തുറന്ന് കിട്ടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറത്തു. തലശ്ശേരി എരഞ്ഞോളിയില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സാധ്യതകള്‍ പ്രയോജപ്പെടുത്താന്‍ ശരിയായ ആതിഥ്യമര്യാദകളും രീതികളും ശീലിക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്.

വിദേശത്ത് നിന്ന് ടൂറിസ്റ്റുകളായി വരുന്നവരില്‍ വിവിധ തരക്കാരുണ്ട്. എല്ലാവരും സമ്പന്നന്‍മാരല്ല.  ഭൂരിപക്ഷവും സാധാരണ സാമ്പത്തിക ശേഷി മാത്രം ഉള്ളവരാണ്. അവര്‍ക്ക് താമസിക്കാന്‍ സ്റ്റാര്‍ ഹോട്ടലുകളൊന്നും വേണ്ട. പക്ഷേ ശരിയായ ആതിഥ്യമര്യാദ ഉണ്ടാകണം. അവരുടെ രീതികള്‍ മനസ്സിലാക്കണം.  അതിന് ഹോസ്പിറ്റാലിറ്റി പരിശീലനം ആവശ്യമാണ്. പരിശീലനം വഴി ശരിയായ ആതിഥ്യമര്യാദ പാലിക്കാന്‍ കഴിയുന്ന വരെ സൃഷ്ടിക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ ഉദ്ദേശിക്കുന്നത്. നല്ല രീതിയില്‍ കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ സാധാരണ നിലയില്‍ നല്ല ജീവിതമാര്‍ഗം ലഭിക്കും. ഇവിടെ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ഇത്തരമാളുകള്‍ക്ക് വളരെയേറെ അവസരമുണ്ട്. അങ്ങനെ വലിയൊരു മേഖലയായിരിക്കും അവര്‍ക്ക് തുറന്ന് കിട്ടുക. സംസ്ഥാനത്ത് തൊഴില്‍ സാധ്യത കഴിയാവുന്നത്ര വര്‍ധിപ്പിക്കാനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതിയുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പരമ്പരാഗത മേഖലകള്‍ തന്നെ പുതിയ രീതിയില്‍ വികാസം പ്രാപിക്കുമ്പോള്‍ വലിയ തൊഴില്‍ സാധ്യത വരും. കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാകുമ്പോള്‍ നിര്‍മാണം, മാര്‍ക്കറ്റിങ്ങ് എന്നിങ്ങനെ പുതിയ വിവിധ രീതിയിലുള്ള തൊഴിലവസരങ്ങള്‍ ഉണ്ടാകും. വ്യാവസായിക രംഗത്ത് വന്‍കിട നിക്ഷേപങ്ങള്‍ക്ക് ശ്രമിക്കുമ്പോള്‍ തന്നെ ചെറുകിട, സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള വിവിധ നടപടികളാണ് കൈക്കൊണ്ടത്. ഇത്തരം സംരംഭങ്ങള്‍ തുടങ്ങാന്‍ ഒരു തടസ്സവുമില്ല. മനസ്സില്‍ ആഗ്രഹിച്ചാല്‍ സംരംഭം തുടങ്ങാം. അതിനനുസരിച്ച് നിയമങ്ങളടക്കം മാറ്റിയിട്ടുണ്ട്. ഉത്തരവാദ ടൂറിസവും വലിയ തോതില്‍ തൊഴിലവസരം വര്‍ധിപ്പിക്കുന്നതാണ്. ഇതിനെല്ലാം ഉതകുന്ന രീതിയില്‍ വിദ്യാഭ്യാസ മേഖല മാറണം. ഇത്തരം മേഖലകള്‍ക്ക് അനുയോജ്യരായവരെ സൃഷ്ടിക്കാന്‍ കഴിയണം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവ് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിപാടിയില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. എ എന്‍ ഷംസീര്‍ എംഎല്‍എ സ്വാഗതം ആശംസിച്ചു. ടൂറിസം, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, ഗ്രാമ പഞ്ചായത്ത്് പ്രസിഡണ്ടുമാരായ എം പി ശ്രീഷ, പി പി സനില്‍, കിന്‍ഫ്ര മാനേജിങ്ങ് ഡയറക്ടര്‍ സന്തോഷ് കോശി, ടൂറിസം വകുപ്പ ഡയറക്ടര്‍ വി ആര്‍ കൃഷ്ണതേജ മൈലവരപ്പ്, മുന്‍ എംപി കെ കെ രാഗേഷ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: