പൊതുമരാമത്ത് കെട്ടിടങ്ങള്‍ക്ക് ഏകീകൃത രൂപം; രൂപകല്‍പനാനയം ഉണ്ടാകും: മന്ത്രി പി എ മുഹമ്മദ് റിയാസ്


കണ്ണൂരിന്റെ ഗതാഗത കുരുക്കിന് പരിഹാരം

പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടങ്ങള്‍ക്ക് ഏകീകൃത രൂപം നല്‍കുന്നതിന് രൂപകല്‍പനാനയം (ഡിസൈന്‍ പോളിസി) ഉടന്‍ പ്രഖ്യാപിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മികച്ച താമസ സൗകര്യം ഒരുക്കുന്നതിനായി നിര്‍മ്മിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളുടെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പില്‍ ഒരു ഡിസൈന്‍ വിഭാഗം തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ സഹായത്തോടെയാവും നയരൂപീകരണമെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട താമസ സൗകര്യം ഒരുക്കുകയെന്നുള്ളത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ക്വാര്‍ട്ടേഴ്‌സിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. പൊതുമരാമത്ത് വകുപ്പിന്റെ ഒരു പ്രവൃത്തിയിലും കാലതാമസം ഉണ്ടാകരുത്. ഗുണ നിലവാരവും ഉറപ്പുരുത്തുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിന്റെ ദീര്‍ഘകാലമായുള്ള് ഗാതാഗതകുരുക്ക് അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ണമായും പരിഹരിക്കും. ഇതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും പൊതുമരാമത്ത് വകുപ്പിന്റെ എല്ലാ സഹായവുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും നിയന്ത്രണത്തിലുള്ള റസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാക്കും. 14 ജില്ലകളിലുമായി പൊതുമരാമത്ത് വകുപ്പിന്റെ 153 റസ്റ്റ് ഹൗസുകളില്‍ 1161 മുറികളുണ്ട്. എന്തെങ്കിലും ആവശ്യത്തിനായി മറ്റ് ജില്ലകളില്‍ എത്തുന്നവര്‍ക്ക് റസ്റ്റ് ഹൗസ് പ്രയോജനപ്പെടുത്താം. നവംബര്‍ ഒന്ന് മുതല്‍ മുറികള്‍ ബുക്ക് ചെയ്യുന്നതിനായി പിഡബ്ല്യുഡി വകുപ്പിന്റെ പോര്‍ട്ടല്‍ നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു. ഇത് എളുപ്പത്തില്‍ മുറി ലഭിക്കുന്നതിന് സഹായിക്കും. താമസ ചെലവ് കുറവുമായിരിക്കും. മുറികളുടെ ശുചിത്വവും സൗകര്യവും ഉറപ്പ് വരുത്തും. കാന്റീന്‍ സംവിധാനവും ആരംഭിക്കും. റസ്റ്റ് ഹൗസുകളുടെ പ്രവര്‍ത്തനം മനസിലാക്കുന്നതിന് സിസിടിവി സംവിധാനം ഏര്‍പ്പെടുത്തി പരിശോധിക്കും. ചുരുങ്ങിയ വര്‍ഷം കൊണ്ട് മികച്ച കേന്ദ്രങ്ങളാക്കി റസ്റ്റ് ഹൗസുകളെ മാറ്റും. ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് കംഫര്‍ട്ട് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

മൂന്ന് കോടി രൂപ ചെലവില്‍ 856 ചതുരശ്ര അടി വിസ്തൃതിയുള്ള ടൈപ്പ് 2 ആര്‍ സി സി ക്വാര്‍ട്ടേഴ്സാണ് നിര്‍മ്മിക്കുന്നത്. രണ്ട് ബ്ലോക്കുകളില്‍ മൂന്ന് നിലകളിലായി 12 കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യമാണ് പുതിയ കെട്ടിടത്തില്‍ ഉണ്ടാവുക.

എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് പരിസരത്തു നടന്ന ചടങ്ങില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷനായി. മേയര്‍ അഡ്വ. ടി ഒ മോഹനന്‍, എം പിമാരായ കെ സുധാകരന്‍, ഡോ. വി ശിവദാസന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം പി രാജേഷ്, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ഉത്തര മേഖല സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ എ മുഹമ്മദ്, എക്‌സി. എഞ്ചിനീയര്‍ കെ ജിഷകുമാരി, എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡണ്ട് എം പി സുനില്‍കുമാര്‍, വിവിധ സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: