എയ്യങ്കല്ലിന്റെ സ്വന്തം ശ്രുതി ഇനി ഡെപ്യൂട്ടി കളക്ടർ

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പൊയിൽ എയ്യങ്കല്ല് പട്ടികവർഗ കോളനിയിലെ കെ.വി ശ്രുതി ലാൻഡ് റവന്യു വിഭാഗത്തിൽ ഡെപ്യൂട്ടി കളക്ടർ ആകുന്നു. ഇതിനുള്ള അഡ്വൈസ് മെമ്മോ ബുധനാഴ്ച ശ്രുതിക്കു ലഭിച്ചു. ചിട്ടയായി പരിശീലനം നടത്താറുള്ള ശ്രുതി എവിടെയും പരിശീലനത്തിന് പോകാതെ സ്വപ്രയത്നത്താലാണ് ഡെപ്യൂട്ടി കളക്ടർ പരീക്ഷ വിജയിച്ചത്. പ്രാപ്പൊയിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വരെ പഠിച്ച ശേഷം ചെന്നൈ ഐ.ഐ.ടിയിൽ നിന്നും ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ശേഷം വീട്ടിലിരുന്ന് സ്വന്തമായാണ് മൂന്ന് ഘട്ടമുള്ള ഡെപ്യൂട്ടി കളക്ടർ പരീക്ഷയ്ക്ക് വേണ്ടി പഠിച്ചത്. പെരിങ്ങോം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ കെ.വി. കുഞ്ഞികൃഷ്ണന്റെയും അങ്കണവാടി വർക്കർ കെ.സി. താരയുടെയും മകളാണ്. സഹോദരി ലയ എറണാകുളം മഹാരാജാസ് കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്. ശ്രുതിയുടെ നേട്ടം ആഘോഷമാക്കാനൊരുങ്ങുകയാണ് എയ്യങ്കല്ലിലെ നാട്ടുകാർ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: