ഇന്‍കംടാക്സ് ഓഫിസറാണെന്ന് പരിചയപ്പെടുത്തി കണ്ണൂരിലെ ഒരു ജ്വല്ലറിയില്‍ നിന്ന് യുവാവ് സ്വര്‍ണവുമായി മുങ്ങി; പരിശോധന ഊർജിതമാക്കി കണ്ണൂർ ടൗൺ പോലീസ്

കണ്ണൂര്‍: ഇന്‍കംടാക്സ് ഓഫിസറാണെന്ന് പരിചയപ്പെടുത്തി കണ്ണൂരിലെ ഒരു ജ്വല്ലറിയില്‍ നിന്ന് യുവാവ് സ്വര്‍ണവുമായി മുങ്ങി. നഗരത്തിനടുത്ത ജ്വല്ലറിയില്‍ നിന്ന് അഞ്ചേകാല്‍ തൂക്കം വരുന്ന മാലയും രണ്ട് മോതിരവുമായാണ് യുവാവ് മുങ്ങിയത്.  കഴിഞ്ഞ ദിവസം മൂന്നരയോടെയാണ് ബാംഗ്ലൂര്‍ സ്വദേശിയെന്ന് സംശയിക്കുന്ന യുവാവ് കാറില്‍ ജ്വല്ലറിയില്‍ എത്തിയത്. ഇന്‍കംടാക്സ് ഓഫിസറാണെന്ന് സ്വയം പരിചയപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ സെലക്ട് ചെയ്ത് എടുക്കുകയായിരുന്നു. ഇതിന്റെ വിലയായ 2.25 ലക്ഷം രൂപ ഗൂഗിള്‍ പേ വഴി അയച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഗൂഗിള്‍ പേ വഴി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പണം വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഇയാള്‍ കബിളിപ്പിച്ചതാണെന്ന് മനസിലായത്. തൊട്ടടുത്ത ജ്വല്ലറികളില്‍ ആഭരണങ്ങള്‍ സെലക്ട് ചെയ്ത് മടങ്ങിയ കാര്യവും അറിഞ്ഞു. ഈ പരിസരത്തെ സി.സി.ടി.വികളില്‍ ഇയാളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. ടാക്സി കാറിലാണ് നഗരത്തില്‍ എത്തിയത്. നന്നായി ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കുന്ന യുവാവാണ് തട്ടിപ്പ് നടത്തിയത്.  ഉപ്പളയിലും ഇതേ രീതിയില്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടാന്‍ ഇയാള്‍ ശ്രമം നടത്തിയിരുന്നു. വ്യാപാരി ജാഗ്രത പുലര്‍ത്തിയതിനാല്‍ ഇയാളുടെ തട്ടിപ്പ് നടന്നില്ല. കണ്ണൂര്‍ ടൗണ്‍ പോലിസ് ജ്വല്ലറി ഉടമയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. പരാതി ലഭിക്കുന്നതിനുള്ള കാലതാമസം പ്രതിയെ പിടിക്കാൻ വൈകുന്നതിനും കാരണമായി. മംഗളൂരുവിൽ കണ്ണൂർ ടൗൺ പോലീസ് എത്തി പ്രതിക്ക് വേണ്ടി തിരച്ചിലും ആരംഭിച്ചിട്ടുണ്ട്‌.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: