തണ്ടര്‍ബോള്‍ട്ട് ആക്രമിക്കപ്പെട്ടു; മാവോവാദികളെ വീഴ്ത്തിയത് രണ്ടുദിവസത്തെ രൂക്ഷമായ ഏറ്റുമുട്ടലില്‍; ഇലക്‌ട്രോണിക് ഉപകരണങ്ങളും തോക്കുകളും കണ്ടെടുത്തെന്ന് എസ്പി ശിവവിക്രം

പാലക്കാട്: അട്ടപ്പാടി ഉള്‍വനത്തിലെ മഞ്ചിക്കണ്ടിയില്‍ നാല് മാവോവാദികളെ കൊലപ്പെടുത്തിയത് രൂക്ഷമായ ഏറ്റുമുട്ടലിനെ തുടര്‍ന്നെന്ന് പാലക്കാട് എസ്പി ശിവ വിക്രം ഐപിഎസ്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും നിരവധി ഇലക്‌ട്രോണിക് ഉപകരണങ്ങളും എകെ 47 ഉള്‍പ്പടെയുള്ള ആയുധങ്ങളും കണ്ടെത്തിയതായി എസ്പി വിശദീകരിച്ചു.

തിങ്കളാഴ്ച രാവിലെ തുടങ്ങിയ ഓപ്പറേഷനാണ് അവസാനിച്ചിരിക്കുന്നത്. തണ്ടര്‍ബോള്‍ട്ട് സംഘം പട്രോളിങ് നടത്തവേ മഞ്ചക്കണ്ടിയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെ വനമേഖലയില്‍ വെച്ച്‌ മാവോവാദികളുടെ സങ്കേതം കാണുകയും, അങ്ങോട്ട് നീങ്ങവെ മാവോവാദികള്‍ ആക്രമിക്കുകയായിരുന്നെന്നും എസ്പി വിശദീകരിക്കുന്നു. തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ മാവോവാദികള്‍ വെടിയുതിര്‍ത്തു. അപ്പോള്‍ തണ്ടര്‍ബോള്‍ട്ട് സംഘം തിരിച്ചടിച്ചു. ഏറ്റമുട്ടലില്‍ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെടുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്.

തഹസില്‍ദാര്‍, സബ്കളക്ടര്‍, ഡോക്ടര്‍, ഫോറന്‍സിക് വിദഗ്ധര്‍, ആയുധ വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്, പഞ്ചായത്ത് അംഗങ്ങള്‍, ഡിഎഫ്‌ഒ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. ആ സമയത്ത് പ്രദേശം മുഴുവന്‍ തണ്ടര്‍ബോള്‍ട്ട് സംഘം വളഞ്ഞിരുന്നു. പിടിച്ചെടുത്ത ആയുധങ്ങള്‍ പരിശോധിക്കവെയാണ് വീണ്ടും വെടിവെപ്പുണ്ടായത്. തണ്ടര്‍ബോള്‍ട്ട് സംഘം തിരിച്ചും വെടിയുതിര്‍ത്തു. 2 മണിക്കൂറോളം സമയം ആ വെടിവെപ്പ് നീണ്ടുനിന്നു. ആ വെടിവെപ്പിലാണ് ഒരാള്‍ കൊല്ലപ്പെടുന്നത്. ഇയാളുടെ കൈവശം എകെ 47 തോക്കുണ്ടായിരുന്നു. ഇയാളുടെ കൂടെ രണ്ട് മാവോവാദികള്‍ കൂടി ഉണ്ടായിരുന്നു. ഇവരുടെ കൈവശവും ആയുധങ്ങളുണ്ടായിരുന്നു. ഇവര്‍ക്കായി തണ്ടര്‍ബോള്‍ട്ട് ഏറെ നേരം തിരച്ചില്‍ നടത്തിയതായും എസ്പി വ്യക്തമാക്കി.

ഒരു എകെ 47 തോക്കും, ഒരു .303 തോക്കും, നാടന്‍ തോക്കുകളുമുള്‍പ്പെടെ ഏഴ് ആയുധങ്ങള്‍ അവിടെ നിന്നും കണ്ടെടുത്തു. നൂറ് റൗണ്ട് വെടിയുണ്ടകളും കണ്ടെടുത്തു. മൊബൈല്‍ ഫോണും ലാപ്ടോപ്പും ഉള്‍പ്പെടെ ഇലക്‌ട്രോണിക് ഉപകരണങ്ങളും സ്ഥലത്തുണ്ടായിരുന്നു. വനം വകുപ്പ് നടത്തിയ പരിശോധനയില്‍ സങ്കേതത്തില്‍ നിന്നും മാന്‍ തോലുകള്‍ കണ്ടെടുത്തു. പാത്രത്തില്‍ പാകം ചെയ്ത ഇറച്ചിയുണ്ടായിരുന്നു. ഇത് മാനിറച്ചിയാണെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. കീഴടങ്ങാന്‍ എത്തിയവരായിരുന്നു എന്ന വാദത്തേയും എസ്പി തള്ളി. മാവോവാദികള്‍ കീഴടങ്ങാനായി എത്തിയതായിരുന്നെങ്കില്‍ അവര്‍ എന്തിന് വലിയ ആയുധങ്ങളുമായി വന്നു എന്നും എസ്പി ശിവവിക്രം ചോദിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: