കണ്ണൂരിൽ കോൺഗ്രസ് കമ്മിറ്റി ഓഫിസിന് തീയിട്ടു; സിപിഎമ്മെന്ന് ആരോപണം

കോണ്‍ഗ്രസിന്റെ പട്ടുവം കമ്മറ്റി ഓഫിസായ രാജീവ് ഭവനു തീയിട്ടു. ഓഫിസിനകത്തെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ എല്ലാം കത്തിനശിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലിനായിരുന്നു സംഭവം. തീവയ്പ്പിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു ഡിസിസി ജനറൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ രാജീവന്‍ കപ്പച്ചേരി ആരോപിച്ചു. ജനലിനുള്ളിലുടെ പെട്രോള്‍ അകത്തേക്കൊഴിച്ചു തീയിടുകയായിരുന്നു.

മുള്ളൂല്‍ മുതല്‍ കുഞ്ഞിമതിലകം ജംങ്ഷന്‍ വരെയുള്ള കോണ്‍ഗ്രസ് ‘പടയൊരുക്കം’ പരിപാടിയുടെ ബോര്‍ഡുകളും കൊടികളും പൂര്‍ണമായി നശിപ്പിച്ചിട്ടുണ്ട്. നശിപ്പിച്ച കൊടികളും ബോര്‍ഡുകളും റോഡിൽ തള്ളിയ നിലയിലാണ്. ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

രാജീവ് ഭവന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിനുള്ള മര ഉരുപ്പടികള്‍ ഉള്‍പ്പെടെ ഓഫിസിനകത്തു സൂക്ഷിച്ചിരുന്ന എല്ലാ സാധന സാമഗ്രികളും പൂര്‍ണ്ണമായി കത്തിനശിച്ച നിലയിലാണ്. അക്രമത്തിൽ പ്രതിഷേധിച്ച് വൈകുന്നേരം ആറിനു കൂത്താട്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: