കണ്ണൂര്‍ വിമാനത്താവളം; ജനുവരിയില്‍ പൂര്‍ത്തിയാകും
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ജനുവരിയോടെ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥന്മാരുടെ യോഗം തീരുമാനിച്ചു.
വിമാനത്താവളത്തിന്റെ ഭാഗമായുള്ള അഞ്ച് റോഡുകള്‍ ഡിസംബറോടെ ഡി പി ആര് നടപടി ആരംഭിക്കും. 25 മീറ്റര്‍ വീതിയിലാണ് റോഡുകള്‍ വികസിപ്പിക്കുക. ദേശീയതലത്തില്‍ ഈ റോഡിന്റെ വീതി 45 മീറ്ററാണെങ്കിലും ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് 25 മീറ്റര്‍ റോഡ് പണിയുന്നത്. വയനാട് വഴിയുള്ള നാദാപുരം റോഡ്, കുടക് റോഡ്, കാസര്‍കോട്-കണ്ണൂര്‍ റോഡ് എന്നിവ ഇതില്‍ ഉള്‍പ്പെടും.
ജനുവരിയില്‍ ടെര്‍മിനലും റണ്‍വെയും പൂര്‍ത്തിയാക്കും. കാര്‍ഗോ അടക്കമുള്ള എയര്‍പോര്‍ട്ട് ഓപ്പറേഷന് വേണ്ടിയുള്ള 25 ടെണ്ടറുകളുടെ നടപടികള്‍ ഉടനെ പൂര്‍ത്തിയാക്കും. നിലവില്‍ വ്യോമയാന കേന്ദ്രത്തിന്റെ ക്ലിയറന്‍സ് അനുമതികളും ലൈസന്‍സുകളും നേടാനുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ മുഴുവനും പൂര്‍ത്തിയാക്കിവരുന്നുണ്ട്. മഴ കാരണം കഴിഞ്ഞ മെയ് 25ന് തുടങ്ങേണ്ടിയിരുന്ന റണ്‍വെ നിര്‍മ്മാണ പ്രവര്‍ത്തനം ഈ ഒക്ടോബറോടു കൂടി മാത്രമെ തുടങ്ങാനായുള്ളൂ എന്ന പോരായ്മയും ഉണ്ടായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. 24 മണിക്കൂര്‍ പ്രവര്‍ത്തിച്ച് അത് പരിഹരിക്കും. വിമാനത്താവളത്തിന് ഇനിയും ആവശ്യമായ 250 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി ഉടനെയുണ്ടാകും.
നിലവില്‍ 20 വിമാനക്കമ്പനികള്‍ കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്താന്‍ അനുമതി തേടിയിട്ടുണ്ട്. 13 അന്താരാഷ്ട്ര സര്‍വീസും 7 ആഭ്യന്തര സര്‍വീസുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. രണ്ട് കമ്പനികള്‍ കണ്ണൂരില്‍ നിന്നുള്ള സര്‍വീസിന്റെ റൂട്ടടക്കം അറിയിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കിയാല്‍ എം ഡി ബാലകിരണ്‍, ജില്ലാ കലക്ടര്‍ മിര്‍മുഹമ്മദലി, കെ കെ രാഗേഷ് എം പി, മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, കിയാല്‍, പി ഡബ്ല്യു ഡി ഓഫീസര്‍ തുടങ്ങിയവര്‍ കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ നടന്ന അവലോകന യോഗത്തില്‍ പങ്കെടുത്തു.